നടി ഹണി റോസിനെ അപമാനിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തുവെന്ന പരാതിയില്‍ തീവ്ര വലതുപക്ഷ അനുയായി രാഹുല്‍ ഈശ്വറിനു കുരുക്ക് മുറുകുന്നു. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി വിഷയത്തില്‍ പൊലീസിന്റെ നിലപാട് തേടി. ഹണി റോസിന്റെ പരാതിക്കു പിന്നാലെ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുന്‍പ് വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് പൊലീസ് കോടതിക്ക് നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍. സ്ത്രീകള്‍ക്കെതിരായ വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ രാഹുല്‍ ഈശ്വറിനു കുരുക്ക് മുറുകുന്ന വിധമായിരിക്കും പൊലീസ് റിപ്പോര്‍ട്ട്.
രാഹുല്‍ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ആസൂത്രിത സൈബര്‍ ആക്രമണം നടത്തുകയാണെന്ന് ഹണി റോസ് പരാതി നല്‍കിയിരുന്നു. താന്‍ ബോബി ചെമ്മണ്ണൂരിനെതിരെ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിയാനുമുള്ള കാര്യങ്ങളാണ് രാഹുല്‍ ചെയ്യുന്നതെന്ന് താരം ആരോപിച്ചു. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണ്. അതിനെതിരെ രാഹുല്‍ ഈശ്വര്‍ സൈബര്‍ ഇടത്തില്‍ നടത്തുന്ന അനാവശ്യ പ്രചാരണങ്ങള്‍ ആളുകള്‍ തനിക്കെതിരെ തിരിയാന്‍ കാരണമായെന്നും ഹണി റോസ് ആരോപിച്ചിരുന്നു.