ഓരോ വര്‍ഷവും എണ്ണമറ്റ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നതിലും അവയുടെ വില്പനച്ചുമതല എഴുത്തുകാരില്‍ നിക്ഷിപ്തമാകുന്നതിലും ആശങ്ക പങ്കുവെച്ച് അഷ്ടമൂര്‍ത്തിയും അശോകന്‍ ചരുവിലും. പുസ്തകമണത്തിന്റെ നൊസ്റ്റാള്‍ജിയക്കാലം കഴിഞ്ഞെന്നും ഓഡിയോ ബുക്കുകള്‍ പല കാരണങ്ങളാലും സൗകര്യപ്രദമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഡയലോഗ് സെഷനില്‍ പെരുകുന്ന പുസ്തകങ്ങള്‍, മാറുന്ന വായന എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പണം പുസ്തകപ്രസിദ്ധീകരണത്തിനുള്ള യോഗ്യതയായി മാറുന്നത് സങ്കടകരമാണെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു. ഓരോ വര്‍ഷവും 3500ല്‍പരം പുസ്തകങ്ങളാണ് കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കേണ്ടതില്ലാത്ത പുസ്തകങ്ങള്‍ വരെ ഇറങ്ങുന്നുണ്ട്. സാഹിത്യവിമര്‍ശനം ഇല്ലാതായതിന്റെ കുറവ് എഴുത്തിന്റെ നിലവാരത്തിലുണ്ട്. പുസ്തകവില്പനയുടെ ചുമതലകൂടി എഴുത്തുകാരന്റെ ചുമലിലാണിപ്പോള്‍. എഴുത്തുകാര്‍ സ്വന്തം പ്രമോട്ടര്‍മാരായി തെരുവില്‍ നില്‍ക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും തന്റെ പുസ്തകം വാങ്ങാന്‍ യാചിക്കുന്ന എഴുത്ത് സമൂഹം ആശാവഹമല്ല.