നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുരുക്ക് മുറുക്കി സര്‍ക്കാര്‍. ബോബിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതി പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചുവെന്നും പൊതുപരിപാടിയില്‍ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. പ്രോസിക്യൂഷന്‍ ഇങ്ങനെയൊരു നിലപാടില്‍ ഉറച്ചുനിന്നാല്‍ ബോബിക്ക് ജാമ്യം ലഭിക്കാനുള്ള വഴികള്‍ അടയും.
അതേസമയം തനിക്ക് ജാമ്യം വേണമെന്നാണ് ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ ആവശ്യപ്പെടുക. അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യല്‍ അവസാനിച്ചതിനാല്‍ ജാമ്യം നല്‍കണമെന്നുമാകും ബോബിയുടെ അഭിഭാഷകന്റെ ആവശ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് ചോദിച്ച ശേഷമാണ് ഹൈക്കോടതി ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. ഹര്‍ജി പരിഗണിക്കുന്നത് കോടതി വീണ്ടും നീട്ടിയാല്‍ ബോബി ജയിലില്‍ തന്നെ തുടരേണ്ടി വരും.
അതേസമയം താന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കോടതിയില്‍ വെച്ച് മാപ്പ് ചോദിച്ച് തടിയൂരാനാണ് ബോബിയുടെ മറ്റൊരു ശ്രമം. ഇത്തരം പിഴവുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബി അഭിഭാഷകന്‍ മുഖേന കോടതിയില്‍ അറിയിച്ചേക്കും. പരാതിക്കാരിയോടു മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്നും ബോബിയുടെ അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുക്കും.