ശബരിമലയില്‍ മകരജ്യോതി ഇന്ന്

രേണുക വേണു

ചൊവ്വ, 14 ജനുവരി 2025 (08:25 IST)
ശബരിമല മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകരുടെ വന്‍ തിരക്ക്. മകരജ്യോതി ദര്‍ശനത്തിനായി പര്‍ണശാല കെട്ടിയാണു തീര്‍ഥാടകര്‍ കാത്തിരിക്കുന്നത്. സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ പൂങ്കാവനത്തിലെ 18 മലകളില്‍ അയ്യപ്പന്‍മാരുടെ പര്‍ണശാലയുണ്ട്. 
 
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ ശരംകുത്തിയില്‍ സ്വീകരിക്കും. ആറരയോടെ അയ്യപ്പനു തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും. ദീപാരാധനയ്ക്കു ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കും. മകരജ്യോതി ദര്‍ശനത്തിനായി രണ്ട് ദിവസമായി തീര്‍ഥാടകര്‍ മലയിറങ്ങാതെ കാത്തിരിക്കുകയാണ്. ഇന്നു ഉച്ചയ്ക്കു 12 മണി വരെയാണ് തീര്‍ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിക്കുക. 
 
കര്‍ശന നിയന്ത്രണത്തോടെയാണു വാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടുന്നത്. പതിനെട്ടാംപടി കയറി ദര്‍ശനം കഴിഞ്ഞവര്‍ നാല് ദിവസമായി നാട്ടിലേക്കു മടങ്ങാത്തതാണ് സന്നിധാനത്തെ ഇപ്പോഴത്തെ പ്രശ്‌നം. നിലവില്‍ ഒന്നര ലക്ഷം പേര്‍ ശബരിമലയില്‍ ഉണ്ടെന്നാണു രാവിലത്തെ കണക്ക്. ഇന്നലെ വൈകിട്ട് 6 വരെ 64,194 തീര്‍ഥാടകര്‍ മലകയറി സന്നിധാനത്ത് എത്തി. ഇവരില്‍ ഭൂരിഭാഗവും ജ്യോതി ദര്‍ശനത്തിനായി വനമേഖലയിലേക്ക് കയറിയിട്ടുണ്ട്. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലായി 5000 പൊലീസുകാരെ സുരക്ഷയ്ക്കു നിയോഗിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍