എമ്പ്‌ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കീഴില്‍ വരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര ബജറ്റില്‍ ഉണ്ടായേക്കും. നിലവില്‍ പ്രതിമാസം ആയിരം രൂപയാണ് മിനിമം പെന്‍ഷന്‍. ഇത് 7500 ആക്കി ഉയര്‍ത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
2014ല്‍ സര്‍ക്കാര്‍ കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ തുകയായി 1000 രൂപ നിശ്ചയിച്ചിട്ടും 36.60 ലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്ക് ഇപ്പോഴും ഈ തുകയേക്കാള്‍ കുറവാണ് ലഭിക്കുന്നതെന്ന് പെന്‍ഷന്‍കാരുടെ സംഘടന ധനകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഡിഎ, പെന്‍ഷന്‍കാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും സൗജന്യ വൈദ്യ ചികിത്സ എന്നിവയും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.