കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി സുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിശദാംശങ്ങള്‍ പുറത്ത്. ബാർ കോഴയിലെ മുഴുവന്‍ ആരോപണങ്ങളും അന്വേഷിക്കാനായില്ലെന്ന് വ്യക്തമാക്കുന്നതാണ് സുകേശന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രണ്ടു പേജുള്ള ഹര്‍ജിയാണ് പുറത്ത് വന്നിരിക്കുന്നത്. ആദ്യഘട്ടത്തിലെ അന്വേഷണത്തിന് ആവശ്യമായ സമയം ലഭിച്ചില്ല. ഇത് അന്വേഷണത്തിന്റെ സുഗമമായ ഒഴുക്കിന് തടസമായി. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ശാസ്ത്രീയ തെളിവുകളുടെ വിശദപരിശോധന ആവശ്യമാണെന്ന് സുകേശന്‍ ഹര്‍ജിയില്‍ പറയുന്നു.
കേസ് അന്വേഷണത്തിന്റെ പൂര്‍ണ്ണതയ്‌ക്കായി കോടതി ഇടപെട്ട് തുടരന്വേഷണം വേണം. തെളിവുകള്‍ മറച്ചുവയ്ക്കാന്‍ സാക്ഷികളില്‍ പലരും ശ്രമിച്ചു. ഇതെല്ലാം പരിഗണിച്ച് നീതിയുക്തമായ തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തകളില്‍നിന്നു വ്യത്യസ്തമായി അന്വേഷണഘട്ടത്തില്‍ വിജിലന്‍സ് ഡയറക്ടര്‍മാരായിരുന്ന വിന്‍സണ്‍ എം പോളിനെക്കുറിച്ചോ ശങ്കര്‍ റെഡ്ഡിയെക്കുറിച്ചോ ഹര്‍ജിയില്‍ ഒരിടത്തും പരാമര്‍ശമില്ല. എന്നാല്‍ ഹര്‍ജിയോടൊപ്പം നല്‍കിയ സിഡിയില്‍ ശങ്കര്‍ റെഡ്ഡിയെക്കുറിച്ച് പരാമര്‍ശമുള്ളതായി വിജിലന്‍സ് സൂചന നല്‍കിയിട്ടുണ്ട്.