അരുവിക്കര: 88 പ്രശ്നബാധിത ബൂത്തുകള്‍

Webdunia
ചൊവ്വ, 16 ജൂണ്‍ 2015 (14:52 IST)
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുവിക്കര മണ്ഡലത്തില്‍ 88 പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 25 ബൂത്തുകളില്‍ അക്രമം നടക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ അതീവ സുരക്ഷ ഒരുക്കണമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് റൂറല്‍ എസ്.പി., ജില്ലാ കളക്റ്റര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.  
 
ആകെ 154 ബൂത്തുകളാണുള്ളത്. വിതുര, തൊളിക്കോട്, ആര്യനാട്, വെള്ളനാട്, പറണ്ടോട് എന്നീ മേഖലകളിലെ ബൂത്തുകളാണു പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിരിക്കുന്നത്.  എന്നാല്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ഇത്രയധികം പ്രശ്നബാധിത ബൂത്തുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് രസകരം. 
 
എന്നാല്‍ ഇത്തവണ ഇരു മുന്നണികളും ഒപ്പം ബി.ജെ.പി യും അഭിമാന പോരാട്ടമായി തെരഞ്ഞെടുപ്പിനെ കാണുന്നതാണ് ഈ സ്ഥിതിക്ക് കാരണമെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്. തെരഞ്ഞെടുപ്പിനു മുമ്പായി ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.