പ്രോസിക്യൂട്ടറെ മാറ്റേണ്ട ആവശ്യമില്ല; 'അമ്മ'യോട് എതിർപ്പ് പ്രകടിപ്പിച്ച് ആക്രമിക്കപ്പെട്ട നടി

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (17:02 IST)
നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന താരസംഘടനയായ 'അമ്മ'യിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നടിമാരോട് എതിർപ്പ് പ്രകടിപ്പിച്ച് ആക്രമിക്കപ്പെട്ട നടി. തന്നോട് ആലോചിച്ചതിന് ശേഷമാണ് കേസിൽ പ്രോസിക്യൂട്ടറെ നിയമിച്ചതെന്നും അതിൽ തനിക്ക് പരാതിയോ ആക്ഷേപമോ ഇല്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു.
 
25 വർഷമെങ്കിലും അനുഭവസമ്പത്തുള്ള അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു നടിയുടെ ഹർജിയിൽ കക്ഷി ചേർന്നുകൊണ്ട് അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണൻ കുട്ടി എന്നിവർ ആവശ്യപ്പെട്ടത്.
 
എന്നാൽ ആരുടേയും സഹായം ആവശ്യമില്ലെന്ന് നടിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. താൻ നിലവിൽ അമ്മയിലെ അംഗമല്ല, അതുകൊണ്ടുതന്നെ കേസിന്റെ വിചാരണയ്‌ക്ക് വനിതാ ജഡ്‌ജിയെ നിയമിക്കണമെന്ന തന്റെ ഹർജിയിൽ ആരുംതന്നെ കക്ഷി ചേരേണ്ടതില്ലെന്നും നടി വ്യക്തമാക്കി. അതേസമയം, കക്ഷിചേരാനുള്ള നടിമാരുടെ നീക്കത്തെ സർക്കാർ എതിർത്തു. പ്രോസിക്യൂട്ടർ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article