നിര്‍മ്മാതാക്കള്‍ തഴഞ്ഞ ആ മമ്മൂട്ടിപ്പടം മെഗാഹിറ്റായതെങ്ങനെ?

വെള്ളി, 3 ഓഗസ്റ്റ് 2018 (15:52 IST)
എല്ലാ തിരക്കഥകള്‍ക്കും അതിന്‍റേതായ വിധിയുണ്ട്. അത് ആര് സംവിധാനം ചെയ്യണം, ആര് നിര്‍മ്മിക്കണം, ആരൊക്കെ അഭിനയിക്കണം എന്നൊക്കെ. ചില തിരക്കഥകള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരില്ല. ചിലത് പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് വളരുന്നു.
 
അത്തരത്തില്‍ ഉയരങ്ങളിലേക്ക് വളര്‍ന്ന ഒരു തിരക്കഥയായിരുന്നു ‘കോട്ടയം കുഞ്ഞച്ചന്‍’. ഡെന്നിസ് ജോസഫിന്‍റെ ഈ തിരക്കഥ 10 നിര്‍മ്മാതാക്കളും അഞ്ച് സംവിധായകരും ആദ്യം നിരസിച്ചതാണ്. കുഞ്ഞച്ചന്‍ എന്ന പകുതി ഹാസ്യവും പകുതി ഗൌരവഭാവവുമുള്ള കഥാപാത്രത്തെ മമ്മൂട്ടിക്ക് ചേരില്ല എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.
 
പല തടസങ്ങള്‍ക്കും തള്ളിപ്പറയലുകള്‍ക്കുമൊടുവില്‍ സുനിതാ പ്രൊഡക്ഷന്‍സിന്‍റെ എം മണി ഈ സിനിമ നിര്‍മ്മിക്കാമെന്നേറ്റു. സംവിധായകനായി ടി എസ് സുരേഷ്ബാബുവും വന്നു. അന്നുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച വിജയമാണ് കോട്ടയം കുഞ്ഞച്ചന്‍ സ്വന്തമാക്കിയത്.
 
ഇത്രയധികം നിര്‍മ്മാതാക്കളും സംവിധായകരും നിരസിച്ച തിരക്കഥയാണ് കോട്ടയം കുഞ്ഞച്ചന്‍റേത് എന്ന കാര്യം ഇപ്പോഴും മമ്മൂട്ടിക്ക് അറിയില്ല എന്നാണ് ടി എസ് സുരേഷ്ബാബു ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍