യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യയുടെ കനത്ത മിസൈല്‍ ആക്രമണം. യുക്രെയ്‌നിലെ വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ റഷ്യ നടത്തിയ രൂക്ഷമായ മിസൈല്‍ ആക്രമണമാണ് രാജ്യത്തെ വൈദ്യുതി വിതരണം പ്രതിസന്ധിയിലാക്കിയത്. നൂറോളം ഡ്രോണുകളും 90ലധികം മിസൈലുകളുമാണ് ആക്രമണത്തിനായി റഷ്യ ഉപയോഗിച്ചത്. യുക്രെയ്‌നിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. അതേസമയം ആക്രമണത്തെ പറ്റി റഷ്യ പ്രതികരിച്ചിട്ടില്ല.
കീവ്, ഓഡേസ, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണം ഒമ്പതര മണിക്കൂറോളം നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുക്രെയ്‌നിലെ 12 മേഖലകളെങ്കിലും ആക്രമണത്തില്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രെയ്‌നിലെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജവിതരണ കമ്പനിയായ ഡിടിഇകെയുടെ തെര്‍മല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം താറുമാറായിരുന്നു.