Russia- Ukraine War പറഞ്ഞത് വെറും വാക്കല്ല, ആണവ നയം തിരുത്തിയതിന് പിന്നാലെ യുക്രെയ്നെതിരെ ഭൂഖണ്ഡാന്തര മിസൈൽ ആക്രമണം നടത്തി റഷ്യ

അഭിറാം മനോഹർ

വ്യാഴം, 21 നവം‌ബര്‍ 2024 (17:05 IST)
യൂറോപ്പിലെ യുദ്ധാന്തരീക്ഷത്തെ കൂടുതല്‍ കലുഷിതമാക്കി റഷ്യ. അമേരിക്കന്‍ മിസൈലുകള്‍ യുക്രെയ്ന്‍ റഷ്യക്കെതിരെ പ്രയോഗിച്ചതിന്റെ തിരിച്ചടിയായി വ്യാഴാഴ്ച രാവിലെ അസ്ട്രഖാന്‍ മേഖലയില്‍ നിന്നാണ് റഷ്യ ഭൂഖണ്ഡാന്തര മിസൈല്‍(ഐസിബിഎം) പ്രയോഗിച്ചത്. 33 മാസക്കാലമായി നീണ്ടുനില്‍ക്കുന്ന യുദ്ധത്തില്‍ ഇതാദ്യമായാണ് റഷ്യ ഇത്രയും പ്രഹരശേഷി കൂടിയ മിസൈല്‍ ഉപയോഗിക്കുന്നത്.
 
മധ്യ യുക്രെയ്ന്‍ നഗരമായ ഡിനിപ്രോയിലെ വ്യാപാരസ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു റഷ്യന്‍ ആക്രമണം. മിസൈല്‍ കാര്യമായ നാശനഷ്ടം വരുത്തിയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.  റഷ്യന്‍ ഫെഡറേഷന്റെ അസ്ട്രഖാന്‍ മേഖലയില്‍ നിന്നാണ് ആക്രമണമുണ്ടായതെന്ന് യുക്രെയ്ന്‍ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. ടെലഗ്രാഫ് റിപ്പോര്‍ട്ട് പ്രകാരം ആര്‍ എസ് 25 റുബേസ് മിസൈലാണ് റഷ്യ യുക്രെയ്‌നെതിരെ പ്രയോഗിച്ചത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതും ഹൈപ്പര്‍ സോണിക് വേഗത്തില്‍ പറക്കാന്‍ സാധിക്കുന്നതുമാണ് ഇവ.  സാധാരണയായി ഭൂഖണ്ഡാന്തര മിസൈലുകള്‍ക്ക് 5,500 കിലോമീറ്ററിലധികമുള്ള ദൂരപരിധിയില്‍ ആക്രമണം നടത്താന്‍ സാധിക്കും.
 
 അടുത്തിടെയായി അമേരിക്കന്‍ നിര്‍മിതമായ ATACMS, ബ്രിട്ടീഷ്- ഫ്രഞ്ച് നിര്‍മിതമായ സ്റ്റോം ഷാഡോ മിസൈലുകളും റഷ്യയ്ക്ക് നേരെ പ്രയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയതിന് പിന്നാലെയാണ് ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ റഷ്യ യുക്രെയ്‌ന് നേരെ പ്രയോഗിച്ചിരിക്കുന്നത്. റഷ്യക്കെതിരെ ആണവശേഷിയില്ലാത്ത രാജ്യം ആണവശേഷിയുള്ള രാജ്യത്തിനൊപ്പം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ആണവായുധം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതാണ് റഷ്യയുടെ പുതുക്കിയ ആണവ നയം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍