തലസ്ഥാന നഗരിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണ്ണവും പണവും കൈക്കലാക്കിയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പീഡന ദൃശ്യങ്ങള്‍ ഫേസ് ബുക്കില്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട വീരണകാവ് സ്വദേശിയായ സുരേന്ദ്രന്‍റെ മകന്‍ മിഥുന്‍ എന്ന എബിന്‍ (28) ആണ് തമ്പാന്നൂര്‍ പൊലീസിന്‍റെ വലയിലായത്.
മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയ ശേഷം നയത്തില്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്ത പ്രതി പെണ്‍കുട്ടിയെ തമ്പാന്നൂരിലെ ലോഡ്ജിലെത്തിച്ചായിരുന്നു പീഡിപ്പിച്ചത്. ഇതിനിടെ കുട്ടിയുടെ നാലു പവന്‍റെ സ്വര്‍ണ്ണമാലയും പണവും ഇയാള്‍ കൈക്കലാക്കിയിരുന്നു.
വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമത്തില്‍ സഹികെട്ട പെണ്‍കുട്ടി വിവരം വീട്ടിലറിയിക്കുകയും വീട്ടുകാര്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നായിരുന്നു ഒളിവില്‍ പോയ പ്രതിയെ തമ്പാന്നൂര്‍ പൊലീസ് സി.ഐ പൃഥ്വീരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊലപാതകശ്രമ കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ പ്രതിക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.