സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡും പ്രതിപ്പട്ടികയില്‍. കേസില്‍ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ അഷ്‌റഫിനെ ആറാം പ്രതിയാക്കി. കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ ഷഹബാസില്‍ നിന്നും അഷ്‌റഫ് പത്ത് കിലോ സ്വര്‍ണം വാങ്ങിച്ചുവെന്ന് അഷ്‌റഫ് മൊഴി നല്‍കിയിട്ടുണ്ടെന്ന് ഡിആര്‍ഐ കോടതിയെ അറിയിച്ചു.
അഷ്‌റഫിനെ ആറാം പ്രതിയാക്കണമെന്ന് കാണിച്ച് റവന്യൂ ഇന്റലിജന്റ്‌സ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് (ഡിആര്‍ഐ) എറണാകുളം സിജെഎം കോടതിയുടെ നടപടി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഷഹബാസിനെ ഡിആര്‍ഐ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ വ്യാഴാഴ്ച്ച പിടിയിലായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിനെ ചോദ്യം ചെയ്തപ്പോഴാണ് മലബാര്‍ ഗോള്‍ഡിന് സ്വര്‍ണം നല്‍കിയ വിവരം ഡിആര്‍ഐക്ക് ലഭിച്ചത്.
വിവിധ എയര്‍പോര്‍ട്ടുകളിലൂടെ അനധികൃതമായി കടത്തിയ 39 കിലോ സ്വര്‍ണത്തില്‍ നിന്നും 10 കിലോയാണ് ഷഹബാസ് ജ്വല്ലറിക്ക് നല്‍കിയത്. ഇതേതുടര്‍ന്ന് മലബാര്‍ ഗോള്‍ഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഡിആര്‍ഐ റെയ്ഡ് ചെയ്തു. ജ്വല്ലറി ശൃംഖലയുടെ സപ്ലൈ മാനേജ്‌മെന്റ് വിംഗില്‍ നിന്ന് രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതുകൂടാതെ ജ്വല്ലറിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ അഷ്‌റഫിനെ ഡിആര്‍ഐ ചോദ്യം ചെയ്തു. ഇതാദ്യമായാണ് ഒരു ജ്വല്ലറിക്കെതിരെ സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്. അതേസമയം വാങ്ങിയത് കള്ളക്കടത്ത് സ്വര്‍ണമെന്ന് അറിയാതെയെന്ന് മലബാര്‍ ഗോള്‍ഡ് നല്‍കുന്ന വിശദീകരണം.