'സൌദിയിലെ ചര്‍ച്ചകള്‍ തൃപ്തികരം'

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2013 (15:38 IST)
PRO
PRO
സൌദി ഗവണ്‍മെന്റുമായി ഇന്ത്യന്‍ പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകളില്‍ ഉണ്ടായ തീരുമാനങ്ങളെ പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് സ്വാഗതം ചെയ്തു. സ്വദേശിവത്ക്കരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ ഈ തീരുമാനങ്ങള്‍ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യാ-സൌദി ഉന്നതതല സമിതി രൂപീകരണം പ്രശ്നങ്ങള്‍ക്ക് തൃപ്തികരമായ പരിഹാരം ഉണ്ടാക്കാനുള്ള ആദ്യപടിയാണ്.

ഹുറൂബായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് നിയമവിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട സഹായം ചെയ്യാമെന്ന് സൌദി തൊഴില്‍ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുമായി തൊഴില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതോടെ അനധികൃതമായി നടക്കുന്ന റിക്രൂട്ട്മെന്റുകള്‍ അവസാനിപ്പിക്കാനും സ്പോണ്‍സര്‍മാരുടെ ചൂഷണം ഒഴിവാക്കാനും കഴിയും അനധികൃത താമസക്കാര്‍ക്ക് നിയമവിധേയമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നല്‍കിയ മൂന്നുമാസത്തെ സമയം നീട്ടുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ സംഘത്തിന്റെ ചര്‍ച്ചകള്‍ ആശങ്കകള്‍ ദൂരീകരിക്കാനും തൃപ്തികരമായ പരിഹാരം കണ്ടെത്താനും വളരെയേറെ സഹായകമായിട്ടുണ്ട്. സൌദി ഗവണ്‍മെന്റിന് അവരുടെ രാജ്യത്തെ നിയമനടപടികള്‍ നടപ്പിലാക്കാന്‍ പരമാധികാരം ഉണ്ടെന്നകാര്യം ആരും വിസ്മരിക്കരുത്. അവരോട് സഹകരിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ എന്ന പരിമിതി എല്ലാവരും മനസിലാക്കണമെന്ന് മന്ത്രി കെ സി ജോസഫ് അഭ്യര്‍ത്ഥിച്ചു.