താന്‍ മദ്യലോബിയുടെ ആളാണെന്ന പ്രസ്താവന തെളിയിക്കാന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന് കഴിഞ്ഞില്ലെങ്കില്‍ പൊതുസമൂഹത്തിന് മുമ്പില്‍ ആ പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയ്യാറാകണമെന്ന് ഷാനിമോള്‍ ഉസ്മാന്‍. മുസ്ലിം പശ്ചാത്തലത്തില്‍ നിന്നുവരുന്ന തനിക്ക് സുധീരന്‍റെ പ്രസ്താവന ഏറെ ദോഷം ചെയ്തതായും ഷാനിമോള്‍ പറഞ്ഞു.
സുധീരന്‍റെ പ്രസ്താവന എന്‍റെ രാഷ്ട്രീയ ജീവിതത്തേക്കാള്‍ വ്യക്തിജീവിതത്തിന് ദോഷം ചെയ്യുന്നതാണ്. എന്‍റെ കുടുംബത്തെയും മക്കളെയും രക്ഷിതാക്കളെയുമൊക്കെ ബാധിക്കുന്ന ഒരു ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. അത് തെളിയിക്കാന്‍ ഞാന്‍ സുധീരനെ വെല്ലുവിളിക്കുകയാണ്. തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കില്‍ പക്വമതിയായ ഒരു നേതാവെന്ന നിലയില്‍ പൊതുസമൂഹത്തിന് മുന്നില്‍ തന്‍റെ പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയ്യാറാകണം. തെറ്റുതിരുത്താന്‍ സുധീരന്‍ തയ്യാറാകുന്നതുവരെ ഈ വിഷയത്തില്‍ നിന്ന് പിന്നാക്കം പോകില്ല - ഷാനിമോള്‍ ഉസ്മാന്‍ ഒരു സ്വകാര്യ ചാനലിണ് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
അതേസമയം, താന്‍ ക്ഷണിക്കാത്തതുകൊണ്ടാണ് ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കാതിരുന്നതെന്ന ഷാനിമോള്‍ ഉസ്മാന്‍റെ പ്രസ്താവന ശരിയല്ലെന്ന് കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
ഷാനിമോള്‍ ഉസ്മാനെപ്പോലെ ഒരു ദേശീയ നേതാവിനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആരും ക്ഷണിക്കേണ്ട ആവശ്യമില്ല. മുമ്പ് ഷാനിമോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത് ഞാന്‍ ക്ഷണിച്ചിട്ടല്ല. ഷാനിമോള്‍ പ്രവര്‍ത്തനത്തിനിറങ്ങാത്തതില്‍ എനിക്ക് ഒരു പരാതിയുമില്ല - വേണുഗോപാല്‍ വ്യക്തമാക്കി.