രശ്മിയുടെ മരണം: രാസപരിശോധനാഫലം പൊലീസ്‌ പൂഴ്ത്തിയെന്ന് റിപ്പോര്‍ട്ട്

Webdunia
വെള്ളി, 21 ജൂണ്‍ 2013 (22:09 IST)
PRO
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍റെ ആദ്യഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട രാസപരിശോധനയുടെ ഫലം പൊലീസ്‌ പൂഴ്ത്തിയതായി റിപ്പോര്‍ട്ട്. 2006 ജൂലൈ മാസത്തില്‍ ഈ മരണത്തേക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി നടന്ന രാസപരിശോധനയുടെ കെമിക്കല്‍ ലാബ്‌ റിപ്പോര്‍ട്ട്‌ അയച്ചിരുന്നതായാണ് വിവരം. രശ്മിയുടെ ശരീരത്തില്‍ അമിതമായി മദ്യത്തിന്‍റെ അളവുണ്ടായിരുന്നു എന്ന് ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടനുസരിച്ചുള്ള അന്വേഷണം പിന്നീട് നടന്നില്ല.

രാസപരിശോധനയുടെ കെമിക്കല്‍ ലാബ്‌ റിപ്പോര്‍ട്ട്‌ കിട്ടാന്‍ വൈകി എന്ന് അന്നത്തെ സര്‍ക്കാര്‍ പറഞ്ഞിരുന്നു. ആ റിപ്പോര്‍ട്ട് വൈകിയതിനാല്‍ കൊലക്കേസ് എടുക്കാന്‍ വൈകിയെന്നും അന്നത്തെ ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു.

അതേസമയം, സോളാര്‍ വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തനിക്ക് ശുപാര്‍ശക്കത്തുകള്‍ നല്‍കിയതായി താന്‍ പറഞ്ഞതായി അഭിഭാഷകനായ ഹസ്കര്‍ നടത്തിയ വെളിപ്പെടുത്തല്‍ ബിജു രാധാകൃഷ്ണന്‍ നിഷേധിച്ചു. ഹസ്കറുമായുള്ള കൂടിക്കാഴ്ച വെറും അഞ്ചുമിനിറ്റ് മാത്രമായിരുന്നു എന്നും ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ ഹസ്കറുമായി സംസാരിച്ചിട്ടുള്ളൂ എന്നും ബിജു രാധാകൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കി.

ജോപ്പന് സരിത പണം നല്‍കിയതിന്‍റെ രേഖകളൊന്നും തന്‍റെ കൈവശമില്ലെന്നും ബിജു രാധാകൃഷ്ണന്‍റെ മൊഴിയില്‍ പറയുന്നു.