മുല്ലപ്പെരിയാര്‍: അന്തിമറിപ്പോര്‍ട്ട് സുപ്രീം‌കോടതിയില്‍ സമര്‍പ്പിച്ചു

Webdunia
ബുധന്‍, 25 ഏപ്രില്‍ 2012 (12:28 IST)
PRO
PRO
മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയുടെ അന്തിമറിപ്പോര്‍ട്ട്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അണക്കെട്ട് സംബന്ധിച്ച് കേരത്തിന്റെ ആശങ്കകള്‍ക്ക്‌ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ്‌ സൂചന. പുതിയ ഡാം, പുതിയ ടണല്‍, ഡാമിന്‍റെ സുരക്ഷ എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതു സംബന്ധിച്ചു പരാമര്‍ശമില്ലെന്നും സൂചനയുണ്ട്.

എട്ട്‌ അധ്യായങ്ങളും 260 പേജുമുള്ള റിപ്പോര്‍ട്ടാണ്‌ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്‌. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ തീരുമാനമെടുക്കുക.

അടുത്ത മാസം നാലിനാണ് സുപ്രീംകോടതി മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുക. അന്നു തന്നെ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടും പരിഗണിച്ചേക്കും. ഏപ്രില്‍ മുപ്പതിനാണ് ഉന്നതാധികാര സമിതിയുടെ കാലാവധി അവസാനിക്കുന്നത്.