മാണിയെ വേണോയെന്ന് തീരുമാനിച്ചിട്ടില്ല: പിണറായി

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2013 (20:27 IST)
PRO
കെ എം മാണിയെ എല്‍ ഡി എഫിലേക്ക് സ്വീകരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കെ എം മാണിക്ക് എല്‍ ഡി എഫിലേക്ക് സ്വാഗതമെന്ന വി എസിന്‍റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് പിണറായിയുടെ തിരുത്ത്.

മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്നതിനേ കുറിച്ച്‌ തീരുമാനിച്ചിട്ടില്ലെന്ന്‌ പിണറായി വിജയന്‍ പറഞ്ഞു. അദ്ദേഹം പരിണത പ്രജ്ഞനായ നേതാവാണ്. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് മുന്നണി ബന്ധം എന്നുപറയുന്നത് മിനിമം പരിപാടിയുടെ അടിസ്‌ഥാനത്തിലാണ്‌ എന്ന്. എന്താണ് അദ്ദേഹത്തിന്‍റെ മിനിമം പരിപാടി എന്ന് എല്ലാവര്‍ക്കും അറിയാം. അതിന്‍‌പ്രകാരം മാണി മുന്നോട്ടുപോകട്ടെ - പിണറായി പറഞ്ഞു.

അതേസമയം, യു ഡി എഫില്‍ ഒരില പോലും അനങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. യു ഡി എഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണിയില്‍ പരിപൂര്‍ണ വിശ്വാസമുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കെ എം മാണി മുന്നണി വിടുമെന്നത്‌ വ്യാമോഹം മാത്രമാണ്. പ്രതിപക്ഷത്തുള്ള ആരെക്കണ്ടിട്ടാണ്‌ മാണി അങ്ങോട്ടു പോകേണ്ടത്? മാണി സംശുദ്ധ രാഷ്ട്രീയത്തിന്റെ ആളാണ്. വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തി. എല്‍ഡിഎഫില്‍ നേതാവാരെന്ന്‌ പോലും വ്യക്തതയില്ല. പ്രതിപക്ഷ നേതാവിന്റെ നേതൃസ്ഥാനത്തെക്കുറിച്ച്‌ ഉറപ്പ്‌ പറയാന്‍ പോലും അവര്‍ക്കാകുന്നില്ല. മാനം നോക്കി പാര്‍ട്ടിയായി നില്‍ക്കാതെ ആദ്യം അവരുടെ വീട്‌ വൃത്തിയാക്കട്ടെ - തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം, എ കെ ആന്‍റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാണി കോണ്‍ഗ്രസിന്‍റെ മുഖമാസികയായ ‘പ്രതിച്ഛായ’ രംഗത്തെത്തി. ആന്‍റണിയല്ല, ഹരിശ്ചന്ദ്രനായാലും അഴിമതിത്തോണി നീങ്ങിക്കൊണ്ടിരിക്കുമെന്ന് പ്രതിച്ഛായ ആരോപിച്ചു. ആരോപണങ്ങള്‍ കേട്ട് തലയില്‍ കൈവച്ച് ഇരിക്കുകയാണ് ആന്‍റണി ചെയ്യുന്നതെന്നും മാണി കോണ്‍ഗ്രസിന്‍റെ മുഖമാസിക പരിഹസിച്ചു.