ബജറ്റ്: മറൈന്‍ ഡ്രൈവില്‍ ബാംഗ്ലൂര്‍ മോഡല്‍ ഫിനാന്‍സ് സിറ്റി

Webdunia
വെള്ളി, 15 മാര്‍ച്ച് 2013 (11:31 IST)
PRO
കൊച്ചി മറൈന്‍ഡ്രൈവില്‍ ഫിനാന്‍സ് സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചു. ബാംഗ്ലൂര്‍ മോഡല്‍ ഫിനാന്‍സ് സിറ്റിയാവും സ്ഥാപിക്കുക. ഐടി പാര്‍ക്കുകള്‍ക്ക് 125 കോടി രൂപയും അനുവദിക്കും. യുവസംരഭകരെയും വിദ്യാര്‍ഥികളില്‍ നിന്നുള്ള സംരഭകരെയും ആകര്‍ഷിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

വിവിധ ക്ഷേമപദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ജോലിക്കിടെ മരിച്ചാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കും. എല്ലാജില്ലകളിലും ഇവര്‍ക്കാ‍യി നൈറ്റ് ഷെല്‍ട്ടര്‍ തുടങ്ങും ഇതിനായി 5 കോടി രൂപയും നല്‍കും. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായാണ് ധനമന്ത്രി കെ എം മാണി ബജറ്റില്‍ പ്രഖ്യാപനം നടത്തിയത്.

കൂടാതെ എല്ലാവിഭാഗങ്ങള്‍ക്കും വിവിധയിനം പെന്‍ഷനുകള്‍ക്കാണ് ധനമന്ത്രി കെ എം മാണി ബജറ്റ് സമ്മേളനത്തില്‍ ഒറ്റയടിക്ക് വര്‍ദ്ധനവ് വരുത്തിയത്. ക്ഷേമപെന്‍ഷനുകളെല്ലാംതന്നെ വര്‍ദ്ധിപ്പിച്ചു. വിധവാപെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ തുടങ്ങിയ എല്ലാത്തിനും ബജറ്റില്‍ വര്‍ദ്ധനവുണ്ട്.

സൌരോര്‍ജ്ജ പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ 15 കോടി രൂപ വകയിരുത്തി. സമഗ്രകാര്‍ഷിക ഇന്‍ഷുറന്‍സിന്20 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 15വരെ നീളുന്ന എട്ടാം ബജറ്റ് സമ്മേളനത്തില്‍ പതിനാറു ദിവസമാണ് സഭ ചേരുക. .18, 19, 20 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച. വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും 21നാണ്. അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതിക്കുള്ള പ്രമേയങ്ങള്‍ 22നു പരിഗണിക്കും.

25 ന് ബില്ലുകളുടെ അവതരണവും ചര്‍ച്ചയും. 26ന് ബില്ലുകളുടെ അവതരണവും 2013ലെ കേരള ധനവിനിയോഗ ബില്‍ സഭ പരിഗണിക്കും. 27 മുതല്‍ 31 വരെ സഭ ചേരില്ല. ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെയും എട്ടു മുതല്‍ പത്തുവരെയും വിവിധ ബില്ലുകള്‍ പരിഗണിക്കും.