Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

അഭിറാം മനോഹർ

ശനി, 25 ജനുവരി 2025 (09:52 IST)
ബോളിവുഡില്‍ ഒരുക്കാലത്ത് യുവാക്കളെ ത്രസിപ്പിച്ചിട്ടുള്ള ഹോട്ട് നടിയാണ് മമത കുല്‍ക്കര്‍ണി. 90കളില്‍ ബോളിവുഡ് സിനിമകളില്‍ സജീവമായിരുന്ന താരം 2000ത്തിന്റെ തുടക്കം വരെ ബോളിവുഡ് സിനിമകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ബോളിവുഡിലെ ചൂടന്‍ നടിയില്‍ നിന്നും മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണികളില്‍ ഒരാളായി മാറിയ അസാധാരണമായ ജീവിതത്തിനൊടുവില്‍ ലൗകീക ജീവിതത്തില്‍ നിന്നും വിടവാങ്ങി സന്യാസിനി ജീവിതം തിരെഞ്ഞെടുത്തിരിക്കുകയാണ് മമത കുല്‍ക്കര്‍ണി. മഹാകുംഭമേളയിലാണ് മായ് മമതാനന്ദ് ഗിരിയെന്ന പുതിയ പേര് മമത കുല്‍ക്കര്‍ണി സ്വീകരിച്ചത്.
 
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില്‍ ആദ്യം കുന്നര്‍ അഖാഡയില്‍ നിന്നാണ് മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചത്. പിണ്ഡദാനം നടത്തിയ ശേഷം കിന്നര്‍ അഖാഡ മമതയുടെ പട്ടാഭിഷേക ചടങ്ങുകള്‍ നടത്തുകയായിരുന്നു. ജനുവരി 24നാണ് മഹാകുംഭത്തിലെ കിന്നര്‍ അഖാഡയിലെത്തി ആചാര്യ മഹാമണ്ഡേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മമത സംഗമത്തിലെ പുണ്യജലത്തില്‍ മുങ്ങിയത്. 52 കാരിയായ മമത 2 വര്‍ഷമായി കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. കിന്നര്‍ അഖാഡെയുടെ സന്യാസദീക്ഷ സ്വീകരിച്ച മമത മായ് മമതാനന്ദ് ഗിരിയെന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്.
 
2016ല്‍ താനെയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ മമത കുല്‍ക്കര്‍ണിയും ഭര്‍ത്താവും നേരത്തെ അറസ്റ്റിലായിരുന്നു. 2000 കോടിയുടെ ലഹരിമരുന്ന് കേസാണ് നടിയുടെ പേരില്‍ വന്നത്. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് കോടതി ഈ കേസ് റദ്ദാക്കിയിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും മാറിനിന്ന മമത ഏറെക്കാലമായി വിദേശത്തായിരുന്നു. 25 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മമത സന്യാസം സ്വീകരിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍