Mahakumbh 2025 Importance: 144 കൊല്ലത്തിലൊരിക്കൽ മാത്രം, എന്താണ് പ്രയാഗ് രാജിലെ 2025ലെ കുംഭമേളയ്ക്ക് ഇത്ര പ്രത്യേകത

അഭിറാം മനോഹർ

തിങ്കള്‍, 13 ജനുവരി 2025 (10:42 IST)
Mahakumbh mela
പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ ഗംഗാ യമുനാ സരസ്വതി നദികളുടെ സംഗമ വേദിയില്‍ നടക്കുന്ന ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും വലിയ ഉത്സവമാണ് മഹാകുംഭമേള.  ദേവാസുര യുദ്ധത്തിനിടെ അമൃത കുംഭവുമായി ഗരുഡന്‍ പോകുമ്പോള്‍ ഓരോ തുള്ളി അമൃത് ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജൈന്‍ എന്നിവിടങ്ങളില്‍ വീണു എന്നാണ് ഹിന്ദുമത വിശ്വാസം. 
 
 12 വര്‍ഷക്കാലത്തിനിടയില്‍ ഓരോ 3 വര്‍ഷം കൂടുമ്പോഴാണ് കുംഭമേള ആഘോസിക്കുന്നത്. പ്രയാഗ് രാജ്, ഹരിദ്വാര്‍,ഉജ്ജയിന്‍, നാസിക് എന്നീ പുണ്യസ്ഥലങ്ങളിലാണ് ഈ ആഘോഷങ്ങള്‍ നടക്കുന്നത്. വ്യാഴം സൂര്യനെ ഒരു തവണ വലം വെയ്ക്കുന്ന 12 വര്‍ഷക്കാലയളവിലാണ് മഹാകുംഭമേള നടക്കുക. ഇതിന്റെ നേര്‍ പകുതി അതായത് 6 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയെ അര്‍ദ്ധ കുംഭമേളയെന്ന് പറയുന്നു. 6 വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും പ്രയാഗ് രാജിലുമാണ് ഇത് നടക്കുന്നത്. 12 കുംഭമേളയ്ക്ക് ശേഷം 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയാണ് ഇത്തവണ പ്രയാഗ് രാജില്‍ നടക്കുന്നത്. അതാണ് ഇത്തവണത്തെ മഹാകുംഭമേളയെ പ്രധാനപ്പെട്ടതാക്കി മാറ്റുന്നത്.
 
നദികളിലെ സ്‌നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്. കുംഭമേളയില്‍ പങ്കെടുക്കാനായി നഗ്‌ന സന്യാസിമാരടക്കം ഒട്ടനേക്കം കോടി തീര്‍ഥാടകരാണ് ഓരോ തവണയും എത്തുക. ഈ വര്‍ഷത്തില്‍ നടക്കുന്ന മഹാകുംഭമേളയില്‍ 45 കോടി ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് യുപി സര്‍ക്കാര്‍ കണക്കാക്കുന്നത്. കുംഭമേളയ്ക്കായി പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാനഘാട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കുംഭമേളയ്ക്കായി 3000 സ്‌പെഷ്യല്‍ സര്‍വീസുകളുള്‍പ്പടെ 13,000 ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിന് കീഴിലുള്ള ഐടിഡിസിയും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍