മലയാളികള്‍ ലോണെടുത്ത് ബാങ്കിനെ പറ്റിച്ചതായി പരാതിപ്പെട്ട് കുവൈറ്റ് ബാങ്ക്. കുവൈറ്റിലെ അല്‍ അഹ്ലി ബാങ്കാണ് സംസ്ഥാന ഡിജിപിക്ക് പരാതി നല്‍കിയത്. മലയാളികള്‍ ഉള്‍പ്പടെ 806 പേര്‍ 210 കോടിയോളം രൂപ ബാങ്കില്‍ നിന്നും ലോണെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയെന്നാണ് ആരോപണം. അതേസമയം കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലമാണ് കുവൈറ്റ് വിടേണ്ടിവന്നതെന്നതെന്നാണ് ലോണെടുത്ത പലരും നല്‍കുന്ന വിശദീകരണം. പരാതിയില്‍ 12 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മലയാളികള്‍ കൂട്ടത്തോടെ പറ്റിച്ചെന്ന് ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റും നേരത്തെ സംസ്ഥാന ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ബാങ്കിനെ വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ ലോണെടുത്ത് പലരും ആ തുകയുമായി അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കുമടക്കം കുടിയേറിയതായും പരാതിയില്‍ പറഞ്ഞിരുന്നു. ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റ് നല്‍കിയ പരാതിയില്‍ സംസ്ഥാനത്തെ നൂറുകണക്കിന് ആളുകള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് അല്‍ അഹ് ലി ബാങ്കും സമാന പരാതി നല്‍കിയിരിക്കുന്നത്.