കുവൈത്ത് സിറ്റി: മെഡിറ്ററേനിയൻ കടലിൽ തകരാറിലായ കപ്പലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്തിന്റെ എണ്ണക്കപ്പൽ. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലായ അൽ ദാസ്മ ആണ് അഭയാർത്ഥികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെ അത്യന്തം വിഷമാവസ്ഥയിലായിരുന്ന അഭയാർത്ഥികളെ ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിന്‍റെ ജീവനക്കാർ കണ്ടുമുട്ടുകയായിരുന്നു.
രക്ഷാപ്രവർത്തനം സുഗമമാക്കാൻ ഈജിപ്ഷ്യൻ തിരച്ചിൽ-രക്ഷാപ്രവർത്തന അതോറിറ്റിയുമായും KOTCയുടെ ഓപ്പറേഷൻസ് ഓഫിസുമായും സംയുക്തമായി ഏകോപിച്ചാണ് നടപടി നടന്നത്. പിന്നീട്, വ്യാഴാഴ്ച രാവിലെ, രക്ഷപ്പെട്ട അഭയാർത്ഥികളെ പോർട്ട് സെയ്ദിൽ എത്തിച്ച ശേഷം അന്താരാഷ്ട്ര സമുദ്ര നിയമങ്ങളും മാനുഷിക നയങ്ങളും അനുസരിച്ച് ബന്ധപ്പെട്ട ഈജിപ്ഷ്യൻ അധികാരികൾക്ക് കൈമാറി.