സിവിൽ സർവീസ് പരീക്ഷ: ഫെബ്രുവരി 11 വരെ അപേക്ഷിക്കാം

അഭിറാം മനോഹർ

വ്യാഴം, 23 ജനുവരി 2025 (16:46 IST)
2025ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സര്‍വീസുകള്‍ എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അനുയോജ്യരായവരെ തെരെഞ്ഞെടുക്കാനാണ് സിവില്‍ സര്‍വീസസ് പരീക്ഷ നടത്തുന്നത്.
 
സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ അതിന് ശേഷം ഇന്റര്‍വ്യൂ/ പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവയിലൂടെ കടന്നുപോകണം. ഇത്തവണ 23 സര്‍വീസുകളിലായി 979 ഒഴിവുകളാണുള്ളത്. മെയ് 25നാണ് പ്രിലിമിനറി പരീക്ഷ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയ്ക്കും ഇതിനൊപ്പം അപേക്ഷിക്കാം. upsconline.gov.in എന്ന ലിങ്ക് വഴി ഫെബ്രുവരി 11ന് വൈകീട്ട് 6 വരെ ഓണ്‍ലൈനായി നല്‍കാം. സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയ്ക്കും അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുവായ അപേക്ഷ നല്‍കിയാല്‍ മതി. രണ്ടിലേക്കുമുള്ള താല്പര്യം അപേക്ഷയില്‍ രേഖപ്പെടുത്തണം.
 
അപേക്ഷിക്കുന്നവരുടെ പ്രായം 1.8.2025ന് 21 വയസ്സ് ആയിരിക്കണം. എന്നാല്‍ 32 വയസ്സ് ആയിരിക്കരുത്. 1993 ഓഗസ്റ്റ് 2ന് മുന്‍പോ 2004 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ചതായിരിക്കരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും പിഡബ്യുബിഡി വിഭാഗക്കാര്‍ക്ക് പത്തും വര്‍ഷത്തെ ഇളവ് ഉയര്‍ന്നപ്രായപരിധിയില്‍ ലഭിക്കും.മറ്റ് ചില വിഭാഗക്കാര്‍ക്കും ഇളവുണ്ട്.
 
 സിവില്‍ സര്‍വീസസ് പരീക്ഷ 6 തവണ മാത്രമെ ഒരാള്‍ക്ക് അഭിമുഖീകരിക്കാന്‍ സാധിക്കു, ഒബിസി വിഭാഗക്കാര്‍ക്കും ഭിന്നശേഷി വിഭാഗങ്ങള്‍ക്കും 9 ചാന്‍സുകള്‍ ലഭിക്കും. പട്ടികവിഭാഗക്കാര്‍ക്ക് എത്രതവണ വേണമെങ്കിലും അഭിമുഖീകരിക്കാം. വനിതകള്‍, പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. മറ്റുള്ളവര്‍ അപേക്ഷാഫീസായി 100 രൂപ അടയ്ക്കണം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍