പി മോഹനനെതിരെ കൊലക്കുറ്റം; 7 ദിവസം പൊലീസ് കസ്റ്റഡിയില്‍

Webdunia
വെള്ളി, 29 ജൂണ്‍ 2012 (16:59 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനനെതിരെ കൊലക്കുറ്റവും ഗൂഢാലോചനാ കുറ്റവും ചുമത്തി. 302, 118, 120ബി, 212 എന്നീ വകുപ്പുകള്‍ ആണ് മോഹനനെതിരെ ചുമത്തിയിരിക്കുന്നത്.

ഗൂഢാലോചന, കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ മറച്ചുവയ്ക്കല്‍, പ്രതികളെ സംരക്ഷിക്കല്‍ എന്നീ കുറ്റങ്ങളാണ് മോഹനനെതിരെ അന്വേഷണ സംഘം ആരോപിക്കുന്നത്. മോഹനനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 14 ദിവസം കസ്റ്റഡിയില്‍ വിടണം എന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

മോഹനനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോള്‍ കോടതിക്ക് പുറത്ത് സി പി എം പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. കോടതിക്ക് നേരെ സി പി എം പ്രവര്‍ത്തകര്‍ രൂക്ഷമായ കല്ലേറുനടത്തി. പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് അക്രമമുണ്ടായി. പൊലീസിനു നേര്‍ക്ക് കല്ലേറുണ്ടായി. വാഹനങ്ങള്‍ തകര്‍ത്തു. സ്ഥലത്തുണ്ടായിരുന്ന ആര്‍ എം പി പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തിന് അയവു വരാത്തതിനെ തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.