നികുതിയില്‍ തട്ടി പ്രതിപക്ഷം സഭവിട്ടു

Webdunia
വ്യാഴം, 26 ഫെബ്രുവരി 2009 (16:55 IST)
പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

രാവിലെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചിട്ടും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നില്ല. കളമശ്ശേരി സംഭവത്തില്‍ ആയിരുന്നു അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നത്.

കളമശ്ശേരി നഗരസഭാ കൌണ്‍സിലര്‍മാരെയും ചെയര്‍പേഴ്‌സണെയും മര്‍ദ്ദിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു.

തുടര്‍ന്ന് സ്‌പീക്കര്‍ കെ രാധാകൃഷ്‌ണന്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. സ്പീക്കര്‍ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്കരിക്കാതെ സഹകരിക്കുകയായിരുന്നു. എന്നാല്‍ പെട്രോള്‍, ഡീസല്‍ പ്രശ്നം അവതരിപ്പിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷം സഭ വിട്ട് പുറത്തുപോകുകയാണ് ഉണ്ടായത്.