തന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പാര്‍ട്ടിയാണെന്ന് കെ ബാബു. ജനങ്ങള്‍ക്കിടയില്‍ താന്‍ അപ്രസക്തനായിരുന്നില്ല. താന്‍ മോശക്കാരനാണെന്ന തിലകച്ചാര്‍ത്ത് പാര്‍ട്ടിയാണ് തനിക്ക് നല്‍കിയത്. മദ്യനയത്തിന്റെ പേരില്‍ കഴിഞ്ഞ സര്‍ക്കാരിനെ മുള് മുനയില്‍ നിര്‍ത്തിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഇപ്പോള്‍ കാണാനില്ലെന്നും കെ ബാബു കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബാബു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തൃപ്പൂണിത്തുറ പഴയ തൃപ്പൂണിത്തുറയല്ല. എല്‍ഡിഎഫിന്റെ കോട്ടയാണ് ഇപ്പോഴത്തെ തൃപ്പൂണിത്തുറ. എന്നിട്ടും തന്റെ തോല്‍വി സി പി ഐ എം പോലും പ്രതീക്ഷിച്ചിരുന്നതല്ല. ഇവിടെ മത്സരിക്കാന്‍ അല്ല താന്‍ ആഗ്രഹിച്ചത്. തൃക്കാക്കരയില്‍ മത്സരിക്കാനായിരുന്നു തന്റെ ആഗ്രഹം. പക്ഷേ അതിനുമുമ്പ് തന്നെ താന്‍ മത്സരിക്കുന്നത് തൃപ്പൂണിത്തുറയിലാണെന്ന സ്ക്രോളുകള്‍ എല്ലാ ചാനലിലും പോകുകയും ചെയ്തുയെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
പിന്നോക്ക സമുദായങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ തനിക്ക് നഷ്ടമായി, മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ അവസാന ദിവസങ്ങളില്‍ വന്ന മാറ്റവും എന്‍ഡിഎയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തിയതും പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തനിക്കെതിരെ നടന്ന പ്രചാരണങ്ങളുമാണ് തന്റെ തോല്‍വിക്ക് കാരണമായതെന്നും ബാബു പറഞ്ഞു.