ഡെങ്കി വൈറസിന്റെ മാരക വകഭേദം കണ്ടെത്തി

Webdunia
വെള്ളി, 31 മെയ് 2013 (17:05 IST)
PRO
PRO
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് തിരുവനന്തപുരം ജില്ലയിലാണെന്നു റിപ്പോര്‍ട്ട്. കേരളത്തില്‍ ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇത് ഔദ്യോഗിക കണക്കു മാത്രമാണെന്നും രോഗബാധിതരുടെ നിരക്ക് ഇതിലും കൂടുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ തന്നെ പറയുന്നു. ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്തു ഇതുവരെ ഏഴ് പേര്‍ മരിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം എന്നിങ്ങനെ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളെല്ലാം തന്നെ ഡെങ്കിപ്പനി ഭീതിയിലാണ്. പ്രധാനമായും 4 തരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് ഡെങ്കിപ്പനി മാരകമാകുന്നത്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ഡെങ്കിപ്പനി ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട വിദഗ്ദ പരിശീലനം നല്‍കാന്‍ ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നുണ്ട്. സംസ്ഥാനത്ത് പനി ബാധിക്കുന്ന ഭൂരിഭാഗം രോഗികളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നതിനാലാണ് ആരോഗ്യവകുപ്പു ഇതിനു തീരുമാനമെടുത്തത്.

ഡെങ്കിപ്പനി പരത്തുന്ന വൈറസിന്റെ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ടെന്നു ആരോഗ്യവകുപ്പു അറിയിച്ചു. ഈ വൈറസ് കൂടുതല്‍ മാരകമാണെന്നും അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പു പറഞ്ഞു. ഡെങ്കി വൈറസിന്റെ സീറോ ടൈപ്പാണ് ഈ പുതിയ വൈറസ്.