ജോര്‍ജ് സെല്‍‌ഫ് ഗോള്‍ അടിക്കുന്നത് നിര്‍ത്തണം: മുരളീധരന്‍

Webdunia
ശനി, 4 ഓഗസ്റ്റ് 2012 (13:08 IST)
PRO
PRO
ടി എന്‍ പ്രതാപനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കെ മുരളീധരന്‍ രംഗത്ത്. പി സി ജോര്‍ജ്‌ സെല്‍ഫ്‌ ഗോളടിക്കുന്നത്‌ നിര്‍ത്തണമെന്ന്‌ കെ മുരളീധരന്‍ പറഞ്ഞു. യു ഡി എഫിനെ ഏകോപിപ്പിച്ച്‌ മുന്നോട്ടു കൊണ്ടുപോവേണ്ട ചീഫ്‌ വിപ്പ്‌ പലപ്പോഴും മുന്നണിയില്‍ വിളളലുണ്ടാക്കുന്ന പ്രസ്‌താവനകളാണ്‌ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണം സുഗമമായി മുന്നോട്ടു കൊണ്ടു പോവേണ്ടയാളാണ്‌ ചീഫ്‌ വിപ്പെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജോര്‍ജിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എം എല്‍ എമാര്‍ രംഗത്ത് വന്നതിന്റെ പിന്നാലെയാണ് മുരളീധരന്റെ ഈ പ്രതികരണം.

ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ യു ഡി എഫ് സംസ്കാരത്തിന് യോജിച്ചതല്ല. പ്രതാപന്‍ ഒറ്റയ്ക്കല്ല എന്ന് ജോര്‍ജ് മനസിലാക്കണം. പ്രതാപനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കിയിരിക്കില്ല. വഴിയേ പോകുന്നവര്‍ക്കെല്ലാം കയറി കൊട്ടാവുന്ന ചെണ്ടയല്ല കോണ്‍ഗ്രസ് എം എല്‍ എമാര്‍‍. പി സി ജോര്‍ജിനെ കയറൂരി വിട്ടവര്‍ അദ്ദേഹത്തെ നിയന്ത്രിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം സതീശന്‍ പറഞ്ഞത്. ജോര്‍ജിനെതിരെ ഹൈബി ഈഡനും രംഗത്ത് വന്നിരുന്നു.