ജിഷയുടെ മരണം: സാമൂഹ്യമാധ്യമങ്ങള്‍ മാത്രം പ്രതികരിച്ചത് കൊണ്ട് കാര്യമില്ല; സര്‍ക്കാര്‍ വല്ലതും ചെയ്യണം; നടി ഭാവന

Webdunia
ചൊവ്വ, 10 മെയ് 2016 (17:49 IST)
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി സാമൂഹ്യമാധ്യമങ്ങള്‍ ഒന്നാകെ പ്രതികരിച്ചതു കൊണ്ട് മാത്രം കാര്യമില്ലെന്ന് നടി ഭാവന. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികളുണ്ടാകണം. ജിഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കനത്ത പരാജയമാണെന്നും ഭാവന വ്യക്തമാക്കി. സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങളാണ് ഇവിടെ ആവശ്യം. കര്‍ശന നിയമങ്ങള്‍ നിലവിലുള്ള രാജ്യങ്ങളിലെ അവസ്ഥ നമുക്ക് അറിയാവുന്നതാണ്. അവിടെയൊക്കെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ താരതമ്യേന കുറവാണ്. ഇത്തരത്തില്‍ നമ്മുടെ രാജ്യത്തും നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഭാവന വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ വിളക്കുമരത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.
 
സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമസംഭവങ്ങള്‍ കൂടിവരുന്നതിന്റെ കാരണം ഇതാണ്. ഇത്തരം കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുത്താല്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ല. കേരളം, ഗുജറാത്ത്, ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമില്ലെന്നും ഭാവന പറഞ്ഞു.
 
ഇവിടെ മാറേണ്ടത് പുരുഷന്റെ ചിന്തയും ചിന്താഗതിയുമാണ്. പുതിയ തലമുറയിലെ പെണ്‍കുട്ടികളോട് വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുമോ? രാത്രി വൈകി വീട്ടിലെത്തുന്നവരാണ് പലരും. ബിക്കിനി ധരിക്കുകയും ജീന്‍സ് ധരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ മാത്രമല്ല ആക്രമിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് പുരുഷന്മാര്‍ ഇത്തരം മാനസികാവസ്ഥയില്‍ എത്തുന്നത് മനസിലാകുന്നില്ലെന്നും ഭാവന്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article