കേന്ദ്രസായുധ സേനകളില്‍ നിന്ന് വിരമിച്ചവര്‍ക്ക് വിമുക്ത ഭടന്‍‌മാര്‍ക്കുള്ള ആനുകൂല്യം നല്‍കില്ല: സംസ്ഥാന ആഭ്യന്തര വകുപ്പ്

Webdunia
ചൊവ്വ, 18 ജൂണ്‍ 2013 (14:54 IST)
PTI
PTI
കേന്ദ്രസായുധ സേനകളില്‍ നിന്ന് വിരമിച്ചവര്‍ക്ക് വിമുക്ത ഭടന്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. സായുധസേനയില്‍ നിന്ന് വിരമിച്ചവരുടെ (എക്‌സ്-സിഎപിഎഫ്) പ്രതിനിധികള്‍ക്ക് നല്‍കിയ വിവരാവകാശ രേഖയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പുതിയ തൊഴില്‍ കണ്ടെത്താനുള്ള സൗകര്യം, സ്വയം വായ്പ, ഭവന പദ്ധതി, വിദ്യാലയങ്ങളിലെ സീറ്റ് റിസര്‍വേഷന്‍, കെട്ടിട നികുതി ഇളവ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കി വരുന്നുണ്ട്. സിആര്‍പിഎഫ്, സിഐഎസ്എഫ്, സശസ്ത്ര സീമാബല്‍, ഐടിബിപി തുടങ്ങിയ സൈനിക വിഭാഗങ്ങളില്‍ (സിഎപിഎഫ്) നിന്ന് വിരമിച്ചവര്‍ക്കും ഈ ആനുകൂല്യം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് ഇവരുടെ പ്രതിനിധികള്‍ നിവേദനം നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ ഇത്തരം ആനുകൂല്യം നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് ഷിന്‍ഡെ അറിയിക്കുകയും ചെയ്തു. എന്നാല്‍ എക്‌സ്-സിഎപിഎഫ് കാര്‍ക്ക് ഈ ആനുകൂല്യം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്രത്തെ അറിയിച്ചു.