കിളിരൂര്‍ കേസില്‍ ബിജെപി കളിച്ചെന്ന് മൊഴി!

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2011 (09:49 IST)
PRO
PRO
കിളിരൂര്‍ കേസ് ഒത്തുതീര്‍പ്പാക്കി പ്രതികളെ രക്ഷിക്കാന്‍ ചില ബിജെപി നേതാക്കള്‍ ശ്രമിച്ചുവെന്ന് കേസിലെ മാപ്പുസാക്ഷിയും ശാരിയുടെ മാതൃസഹോദരിയുമായ ഓമനക്കുട്ടി സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജി ടിഎസ്‌പി മൂസത്‌ മുമ്പാകെ മൊഴി നല്‍കി. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്നു ശാരിയെ മെഡിക്കല്‍ കൊളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിന് ഇടയിലായിരുന്നു ഇത് നടന്നത്. എന്നാല്‍, എവിടെവച്ചാണ് ശ്രമം നടന്നതെന്നു വ്യക്തമാക്കാന്‍ മാപ്പുസാക്ഷിക്കായില്ല.

“കുമളി, ഗുരുവായൂര്‍, പളനി, ഇടപ്പള്ളി എന്നിവിടങ്ങളിലെത്തിച്ചാണു ശാരിയെ പ്രതികള്‍ ബലാല്‍സംഗം ചെയ്തത്‌. ശാരി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൊന്നുകളയുമെന്ന്‌ ലതാ നായര്‍ ഭീഷണിപ്പെടുത്തി. സീരിയലില്‍ സ്റ്റാറാകണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യണം എന്നാണ് ലതാനായര്‍ പറഞ്ഞത്. ശാരിയെ സീരിയലില്‍ അഭിനയിപ്പിക്കാന്‍ വിടരുതെന്ന് ഞാന്‍ പറഞ്ഞെങ്കിലും ശാരിയുടെ മാതാപിതാക്കള്‍ ഞാന്‍ പറഞ്ഞത് എതിര്‍ത്തു.”

“അഭിനയിക്കാന്‍ ചാന്‍‌സ് തരാമെന്ന് കൊച്ചുമോനാണ് എന്നോട് പറഞ്ഞത്. ഞാനത് ശാരിയുടെ മാതാപിതാക്കളോട് പറഞ്ഞു. അവരും സമ്മതിച്ചതോടെ ശാരിക്കൊപ്പം ഞാനും ചങ്ങനാശേരിയിലേക്ക് പോയി. അവിടെ വച്ച്, ടിവി സീരിയലുമായി ബന്ധപ്പെട്ടവര്‍ ആണെന്ന് പറഞ്ഞ് ലതാനായര്‍, പ്രശാന്ത്‌, മനോജ്‌ എന്നിവര്‍ പരിചയപ്പെട്ടു. തുടര്‍ന്നു സീരിയല്‍ ലൊക്കേഷന്‍ കാണാനെന്ന പേരില്‍ ശാരിയെയും കൂട്ടി കുമളിയിലേക്കു പോയി. ഇവിടെ വച്ചു ബിനു, പ്രശാന്ത്‌, മനോജ്‌ എന്നിവര്‍ ചേര്‍ന്നു ശാരിയെ ബലാല്‍സംഗം ചെയ്തു. എനിക്ക് മയക്കുമരുന്നു കലര്‍ന്ന ജ്യൂസ് തരികയായിരുന്നു. ശാരി പറഞ്ഞപ്പോഴാണ് നടന്ന കഥ ഞാന്‍ അറിഞ്ഞത്.”

“ശാരിയെ ബലാത്സംഗം ചെയ്തത് ഞാന്‍ ചോദ്യം ചെയ്തു. എന്നാല്‍ വലിയ സ്‌റ്റാറാകണമെങ്കില്‍ ഇങ്ങനെയൊക്കെ സഹിച്ചേ മതിയാകൂവെന്നാണ് ലതാനായര്‍ എന്നോട് പറഞ്ഞത്. അധികം കളിച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഷൂട്ടിംഗ്‌ എപ്പോഴാണെന്ന്‌ അന്വേഷിച്ചപ്പോള്‍ പിന്നൊരിക്കലാകാം എന്നറിയിച്ചു. അന്നു വൈകിട്ട്‌ ശാരിയെ ഇവര്‍ വീട്ടിലെത്തിച്ചു. കുറച്ചുദിവസംകഴിഞ്ഞ്‌ ലതാനായര്‍ ശാരിയുടെ വീട്ടിലെത്തി ശാരിക്ക്‌ ഒരു മൊബൈല്‍ ഫോണ്‍ നല്‍കുകയും ബില്ല് ലതാനായര്‍ അടച്ചുകൊള്ളാമെന്ന് പറയുകയും മാതാപിതാക്കള്‍ക്ക്‌ കുറച്ചു രൂപ നല്‍കുകയും ചെയ്‌തു” ഓമനക്കുട്ടിയുടെ മൊഴിയില്‍ പറയുന്നു.