കടുത്ത ചൂടില്‍ പെയ്ത വേനല്‍ മഴയില്‍ ഇടിമിന്നലും നാശ നഷ്ടങ്ങളും. കുണ്ടറയില്‍ മിന്നലേറ്റ് മൂന്നു പശുക്കള്‍ ചത്തു. ചന്ദനത്തോപ്പ് കുഴിയം സുന്ദരഭവനി (ടെമ്പിള്‍ നഗര്‍ 48)ല്‍ ക്ഷീരകര്‍ഷകനായ സുന്ദരേശന്‍പിള്ളയുടെ പശുക്കളാണ് ചത്തത്. പെരിനാട് കൂറ്റന്‍ തേക്ക് ചിന്നി ചിതറുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് ശക്തമായ ഇടിമിന്നല്‍ ഉണ്ടായത്. വീടിനു മുന്നിലെ തൊഴുത്തില്‍ കെട്ടിയിരുന്ന പൂര്‍ണ ഗര്‍ഭിണിയായ പശുവും ഒമ്പതു ദിവസം പ്രായമുള്ള പശുക്കുട്ടിയും തള്ളപ്പശുവും ചത്തത്. പശുവിനു തീറ്റകൊടുത്തശേഷം സുന്ദരേശന്‍പിള്ള വീടിനകത്തേക്കു കയറി നിമിഷങ്ങള്‍ക്കകമായിരുന്നു സംഭവം. സംഭവത്തില്‍ സുന്ദരേശന്‍പിള്ളയുടെ കാലിന് പൊള്ളലേറ്റു.
വീടിന്റെ വയറിംഗ് കത്തിനശിച്ചു. ടിവിക്കും വൈദ്യുതി ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. പുരയിടത്തിലെ രണ്ടു തെങ്ങിന് മിന്നലില്‍ തീപിടിച്ചു. പതിറ്റാണ്ടുകളായി പശുക്കളെ വളര്‍ത്തുന്ന സുന്ദരേശന്‍പിള്ളയുടെയും കുടുംബത്തിന്റെയും വരുമാന മാര്‍ഗമാണ് നഷ്ടമായത്. പെരിനാട് അശ്വതിയില്‍ പെയിന്റിംഗ് തൊഴിലാളിയായ മണികണ്ഠന്‍പിള്ളയുടെ പുരയിടത്തിലെ കൂറ്റന്‍ തേക്ക് മരം ഇടിമിന്നലേറ്റ് ചിന്നിച്ചിതറി.