ഐസ്ക്രീം: നുണപരിശോധനയ്ക്ക് തയാറാണെന്ന് റൌഫ്

Webdunia
തിങ്കള്‍, 30 ജനുവരി 2012 (14:25 IST)
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നുണ പരിശോധനയ്ക്ക്‌ വിധേയനാവാന്‍ തയാറാണെന്ന്‌ കെ എ റൗഫ്‌. അന്വേഷണ ഉദ്യോഗസ്ഥനായ എ ഡി ജി പി വില്‍‌സണ്‍ എം പോളിന് ഇത് സംബന്ധിച്ച് ഫാക്സ് അയച്ചിട്ടുണ്ടെന്നും റൌഫ് അറിയിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൌഫ് ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്നാണ് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വീണ്ടും അന്വേഷണത്തിന് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

മുദ്രവെച്ച കവറിലാണ്‌ റിപ്പോര്‍ട്ട്‌ ഹൈക്കോടതിക്ക് സമര്‍പ്പിച്ചത്‌. പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ അഭിഭാഷകന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ആവശ്യപ്പെട്ടുവെങ്കിലും പിന്നീട്‌ നല്‍കാമെന്ന്‌ കോടതി അറിയിച്ചു. പത്ത് മാസത്തെ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.