ഇടുക്കി അപകടം: പ്രിന്‍സിപ്പലിന് അഹങ്കാരമെന്ന് സ്പീക്കര്‍

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2013 (10:53 IST)
PRO
ഇടുക്കിയില്‍ ബസ് മറിഞ്ഞ് ഏഴ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിക്കാനിടയായ സംഭവത്തേക്കുറിച്ച് സാരാഭായ് ഇന്‍സ്റ്റിട്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ.ജാന നടത്തിയ പരാമര്‍ശം അഹങ്കാരം നിറഞ്ഞതാണെന്ന് നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. നിയമസഭയില്‍ കോളജ് അധികൃതര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ചൊവ്വാഴ്ച ഉണ്ടായത്.

ഇത്രയധികം കുട്ടികള്‍ മരണമടഞ്ഞ ഒരു കോളജിന്‍റെ അധികൃതര്‍ ഈ രീതിയിലല്ല പ്രതികരിക്കേണ്ടത്. നിരുത്തരവാദപരവും അഹങ്കാരം നിറഞ്ഞതുമായ പ്രതികരണമാണ് അവര്‍ നടത്തിയത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം പ്രതികരണങ്ങള്‍ മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദുഃഖവും ആശങ്കയും വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ഇത് ഞെട്ടലും വേദനയുമുളവാക്കുന്ന സംഗതിയാണ്. സര്‍ക്കാര്‍ ഇത് ഗൌരവത്തോടെ കാണണം - സ്പീക്കര്‍ ആവശ്യപ്പെട്ടു.

സംഭവത്തേക്കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയും കോളജ് അധികൃതര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ എല്ലാവരും കിണഞ്ഞ് ശ്രമിക്കുമ്പോള്‍ വളരെ തണുത്ത നിലപാടാണ് കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തങ്ങള്‍ക്ക് ഇതില്‍ക്കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്നാണ് അവര്‍ പ്രതികരിച്ചത്. അത് ഖേദകരമാണ്. ഇക്കാര്യത്തില്‍ എന്ത് നടപടി സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയും എന്ന് പരിശോധിക്കുകയാണ് - ഉമ്മന്‍‌ചാണ്ടി അറിയിച്ചു.

കെ കെ ജയചന്ദ്രനാണ് ഈ വിഷയത്തില്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് സ്റ്റഡി ലീവ് ആയിരുന്നു എന്നും വിനോദയാത്രയ്ക്ക് പോകുന്ന വിവരം കോളജിനെ അറിയിച്ചിരുന്നില്ലെന്നുമായിരുന്നു സാരാഭായ് ഇന്‍സ്റ്റിട്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ.ജാന അപകടമുണ്ടായയുടന്‍ പ്രതികരിച്ചത്. എത്ര കുട്ടികള്‍ അപകടത്തില്‍ പെട്ടെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.