കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ശക്തിപ്പെടുന്നതിനിടെ എ കെ ആന്റണി ഇന്ന് കേരളത്തില്‍. കണ്ണൂര്‍ പയ്യന്നൂരില്‍ കോണ്‍ഗ്രസ് വാര്‍ഷികാഘോഷ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ആന്‍റണി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ചെന്നിത്തല പരിപാടിയ്ക്ക് എത്തില്ല എന്നാണ് വിവരം. പനിയെ തുടര്‍ന്നാണ് ചെന്നിത്തല കണ്ണൂരിലെ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് വിശദീകരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരിപാടികള്‍ക്ക് എത്തില്ല.
ഏഴിമല നാവിക അക്കാദമിയിലെ പരിപാടിയിലും ആന്റണി പങ്കെടുക്കുന്നുണ്ട്.
പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ആന്റണി മുന്നിട്ടിറങ്ങുമോ എന്നാണ് ഏവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ചെന്നിത്തലയുടെ കേരളയാത്രയുടെ സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ആന്റണി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ഗ്രൂപ്പ് പോര് രൂക്ഷമായി. ഈ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തന്നെ പരിഹരിക്കട്ടേയെന്നാണ് ആന്റണിയുടെ നിലപാട്.