പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതെ സൂക്ഷിക്കുക എന്നത് പലരും നേരിടുന്ന പ്രശ്നമാണ്. പല രേഖകളും കാലപഴക്കം കൊണ്ട് നശിച്ചുപോകാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാം ഡിജിറ്റലാകുന്ന ഇക്കാലത്ത് രേഖകൾ സൂക്ഷിക്കാൻ പണ്ടത്തേക്കാൾ എളുപ്പമാണ്. രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുകയാണെങ്കിൽ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സുപ്രധാനമായ രേഖകൾ നഷ്ടമാകുമെന്ന് നമുക്ക് ഭയക്കുകയും വേണ്ട. ഇതിനായി സർക്കാർ കൊണ്ടുവന്നിട്ടുള്ള സംവിധാനമാണ് ഡിജിലോക്കർ.
ക്ലൗഡ് ബെയ്സ്ഡ് പ്ലാറ്റ്ഫോമിലാണ് ഡിജിലോക്കറിൽ രേഖകൾ സൂക്ഷിക്കുന്നത്. അതിനാൽ തന്നെ സുരക്ഷ ആശങ്ക വേണ്ടതില്ല. ഡിജിലോക്കറിൽ അപ്ലോഡ് ചെയ്തിട്ടുള്ള രേഖകൾ 2000ലെ ഐടി ആക്ട് പ്രകാരം ഒറിജിനൽ സർട്ടിഫിക്കറ്റുകൾക്ക് തുല്യമായതാണ്. ഇതിനായി digilocker.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. മൊബൈൽ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ നൽകി ആപ്പിൽ രജിസ്റ്റർ ചെയ്യാം.
ആധാർ നമ്പറുമായി ഡിജിലോക്കർ ബന്ധിപ്പിക്കാൻ ആധാർ ബന്ധിപ്പിക്കൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് അപ്ലോഡ് ചെയ്യുക. ഡിജിറ്റൽ ആധാർ കാർഡ് നമ്പർ,ആർസി ബുക്ക്,പാൻ കാർഡ്,ഡ്രൈവിംഗ് ലൈസൻസ്,സിബിഎസ്ഇ സർട്ടിഫിക്കറ്റുകൾ,റേഷൻ കാർഡ്,എൽഐസി രേഖകൾ,കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഡിജിലോക്കറിൽ സൂക്ഷിക്കാം.