കാത്തിരിപ്പിനൊടുവിൽ ആപ്പിൾ ഐഫോൺ 7പ്ലസ് എത്തി; എന്തിനാണ് അതില്‍ ഇരട്ട ക്യാമറ?

Webdunia
വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (13:20 IST)
മൊബൈല്‍ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ ഐഫോൺ 7 പുറത്തിറങ്ങി. ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നി രണ്ട് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. പുതിയ രണ്ട് മോഡലുകള്‍ക്കും നിരവധി സവിശേഷതകള്‍ കമ്പനി പറയുന്നുണ്ടെങ്കിലും വെള്ളത്തെയും പൊടിപടലങ്ങളെയും ചെറുക്കാനുള്ള കഴിവാണ് ഫോണുകളുടെ പ്രധാന മേന്മയായി പറയുന്നത്. രണ്ട് ഫോണുകളും വ്യത്യസ്ഥ വലുപ്പത്തിലാണ് എന്നതും ഏറെ ശ്രദ്ധേയമാണ്.
 
മാസങ്ങൾക്കു മുമ്പ് തന്നെ ഐഫോണ്‍ 7ന്റെ സവിശേഷതകളും മറ്റും പുറത്തായിരുന്നു. ഇതെല്ലാം ശരിവയ്ക്കുന്ന രീതിയിലാണ് ഐഫോണ്‍ 7 പ്ലസിന്റെ ഇരട്ട ക്യാമറാ ഫീച്ചറുകള്‍‍. ഈ രണ്ടു ക്യാമറകള്‍ കൊണ്ട് എന്തെല്ലാം ഗുണങ്ങളാണെന്ന് നോക്കാം. ഒരു ക്യാമറയ്ക്ക് 28mm ലെന്‍സാണ് ഉള്ളത്. രണ്ടാമത്തെ ക്യാമറയ്ക്കാവട്ടെ 56mm (2x) ലെന്‍സാണ് പിടിപ്പിച്ചിട്ടുള്ളത്. കൂടാതെ 10x ഡിജിറ്റല്‍ സൂമും ക്യാമറയിലുണ്ട്. ഫോണില്‍ തന്നെ പടങ്ങളെ കൂട്ടിച്ചേർക്കാന്‍ സാധിക്കുന്ന സവിശേഷതയും ഫോണിലുണ്ട്.
 
കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയുടെ ശേഷി മെല്ലെ കണ്‍സ്യൂമര്‍ ക്യാമറകളിലേക്കും കടന്നുവരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. F 1.8 അപേർച്ചറുള്ള രണ്ടു ക്യാമറകള്‍ക്കും ഒരേസമയം സീനിന്റെ വെവ്വേറെ ഭാഗങ്ങളില്‍ ഫോക്കസു ചെയ്യാന്‍ സാധിക്കും. ഇത് ഫൊട്ടോ എടുത്ത ശേഷം ലൈട്രോ ക്യാമറ ചെയ്യുന്നതു പോലെ ഫോക്കസ് മാറ്റാനും അനുവദിക്കും. അതുപോലെ എടുക്കുന്ന ഓരോ ഫൊട്ടോയും 6MPയോ അതില്‍ കൂടുതലൊ സ്‌പെയ്‌സ് ആവശ്യപ്പെടും. പിന്നീടു വരുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ഡെപ്ത് ഓഫ് ഫീല്‍ഡ് നിയന്ത്രിക്കാനും സാധിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കി.
 
56mm ലെന്‍സാണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ നല്ല ബോ-കെ അതായത് മൊബൈല്‍ ഫോണില്‍ ഇതുവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും മെച്ചപ്പെട്ട എഫക്ട് ലഭ്യമാകുകയും ചെയ്യും. മുന്‍ മോഡലിനെക്കാള്‍ ഇരട്ടി ശക്തിയാണ് നാല് LED കളുള്ള ക്യാമറയുടെ ഫ്‌ളാഷിനുള്ളത്. ക്യാനോണിന്റെ ചില മുന്തിയ DSLR ക്യാമറകളെ പോലെ പുതിയ ഐഫോണ്‍ ക്യാമറകള്‍ക്കും, ഇത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ കഴിവു പ്രകടിപ്പിക്കാനാന്‍ സാധിക്കും. ഈ ശേഷി ഐഫോണ്‍ 7ന്റെ ഒരു ക്യാമറയിലുണ്ട്.
 
ചില രീതിയിലെങ്കിലും പ്രൊഫഷണല്‍ ഫൊട്ടോഗ്രാഫര്‍മാരെ പോലു തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ഐഫോണ്‍ 7 പ്ലസിന്റെ ക്യാമറയെന്നാണ് കമ്പനി പറയുന്നത്. ഇതുകൊണ്ടു തന്നെ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫി കൂടുതല്‍ ജനപ്രിയമാകാനുള്ള സാധ്യത വര്‍ധിക്കുന്നു. അതുപോലെ ഐഓഎസ് 10ല്‍ റോ (RAW) ചിത്രങ്ങളെടുക്കാന്‍ സാധിക്കുമെന്നതും പ്രധാന സവിശേഷതയാണ്. 7MP ആണ് രണ്ടു ഫോണുകളുടെയും മുന്‍ ക്യാമറ. അതുകൊണ്ട് തന്നെ സെല്‍ഫീ പ്രേമികള്‍ക്കുള്ള ഒരു മുതല്‍ക്കൂട്ടു തന്നെയാണ് ഐഫോണ്‍ 7. 
Next Article