15,000 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാൻ വോഡാഫോൺ ഐഡിയക്ക് അനുമതി

Webdunia
വ്യാഴം, 22 ജൂലൈ 2021 (18:33 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡാഫോൺ ഐഡിയയ്ക്ക് നേരിട്ടുള്ള വിദേശനിക്ഷേപം വഴി 15,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരിവിലയിൽ ആറ് ശതമാനം കുതിപ്പുണ്ടായി.
 
സർക്കാരിന്റെ അനുമതി മാത്രമാണ് ലഭിച്ചതെന്നും നിക്ഷേപകരാറിലെത്തിയിട്ടില്ലെന്നുമാണ് സൂചന. നിക്ഷേപം സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടർബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. ഇക്വിറ്റിയായോ, ഓഹരി പരിവർത്തനം ചെയ്യാവുന്ന സെക്യൂരിറ്റികളായോ ഗ്ലോബർ ഡെപ്പോസിറ്ററി രസീതുകളായോ കടപ്പത്രമായോ ഏതുതരത്തിലുള്ള നിക്ഷേപവും സ്വീകരിക്കുന്നതിനായിരുന്നു ഡയറക്ടർ ബോർഡിന്റെ അനുമതി.
 
സർക്കാരിനുള്ള കുടിശ്ശിക നൽകാനും സ്പെക്‌ട്രത്തിന് പണം നൽകാനും ഫണ്ട് സമാഹരണം വോഡാഫോൺ ഐഡിയയെ സഹായിക്കും. നാലാംപാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം 6,985.1 കോടിയായി ഉയർന്നിരുന്നു. അതിനുമുമ്പുള്ള മൂന്നുപാദത്തിൽ 4,540.8 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article