ഫേസ്ബുക്കിനെ കീഴടക്കാന്‍ ഗൂഗിള്‍ വരുന്നു

Webdunia
ചൊവ്വ, 29 ജൂണ്‍ 2010 (16:24 IST)
PRO
PRO
ഇത് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ കാലമാണ്. എന്തിനും ഏതിനും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ സേവനം തേടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് ഈ മേഖലയില്‍ ഏറെ മുന്നേറി കഴിഞ്ഞു. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളും ഇത്തരമൊരു സാധ്യത ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗൂഗിള്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് തുടങ്ങുന്നു എന്ന വാര്‍ത്ത ഓണ്‍ലൈന്‍ ലോകത്ത് പ്രചരിച്ചുക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ മേഖലയില്‍ ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങളൊന്നും വേണ്ടത്ര ജനപ്രീതി നേടിയിരുന്നില്ല. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഒര്‍ക്കുറ്റും പുതിയ സേവനം ഗൂഗിള്‍ ബസ്സും വേണ്ടത്ര മുന്നേറ്റത്തിലല്ല. ‘ഗൂഗിള്‍ മി' എന്ന പേരിലായിരിക്കും പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് തുടങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഗൂഗിള്‍ ഔദ്യോഗികമായി വിവരം പുറത്തുവിട്ടിട്ടില്ലാത്ത പദ്ധതി സംബന്ധിച്ച് ബുക്ക് മാര്‍ക്കിംഗ് സൈറ്റായ ഡിഗ്ഗിന്റെ സ്ഥാപകന്‍ കെവിന്‍ റോസ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ മറ്റ് വിശദാംശങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ജിമെയില്‍ ഉപയോക്താക്കളുടെ സേവനത്തിനായാണ് ഗൂഗിള്‍ ‘ബസ്സ്’ സേവനം തുടങ്ങിയത്. ജനപ്രിയ മൈക്രോബ്ലൊഗിംഗ് സൈറ്റായ ട്വിറ്ററിനോട് മത്സരിക്കാനായാണ് ബസ്സ് തുടങ്ങിയത്. ചിത്രങ്ങള്‍, ലിങ്കുകള്‍, വാര്‍ത്തകള്‍, സ്റ്റാറ്റസ് അപ്ഡേഷന്‍ തുടങ്ങീ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ലഭ്യമായ എല്ലാ സേവനവും ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നതാണ് ബസ്സ് സേവനം.

ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഒര്‍ക്കുട്ട് നിലവിലുണ്ടെങ്കിലും ഫേസ്ബുക്കിന് സമാനമായ സേവനം തുടങ്ങിയിട്ടില്ല. ഇന്റര്‍നെറ്റ് ലോകത്ത് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ക്ക് പ്രധാന്യം വര്‍ധിച്ചതോടെയാണ് ഗൂഗിളും ഈ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഓണ്‍ലൈന്‍ പരസ്യവരുമാനത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്.