കുസേലന്‍ മൊബൈലില്‍‌!

Webdunia
ലോകമെമ്പാടുമുള്ള രജനീകാന്ത് ആരാധകര്‍ക്ക് സൂപ്പര്‍ സ്റ്റാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ കുസേലന്‍റെ ട്രെയിലര്‍ മൊബൈല്‍ ഫോണിലൂടെ കാണാന്‍ അവസരമൊരുങ്ങുന്നു. വിഡീയോ കമ്പനിയായ സായ്മീരയുടെ വിവരസാങ്കേതിക വിഭാഗമായ സായ്മീര ആക്‌സെസ് ടെക്നോളജീസും ബേയ് ടാക്കി ടെക്കും സംയുക്തമായാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.

ആഗോള തലത്തിലുള്ള 2.5ജി, 3ജി നെറ്റ്വര്‍ക്കുകളിലൂടെയാവും ഈ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക. വീഡീയോ സേവനങ്ങള്‍ക്കായുള്ള വിഎസ്ഡിപി സംവിധാനം ഉപയോഗിച്ചാകും ഇത് പ്രാവര്‍ത്തികമാക്കുക. കുസേലന് പുറമേ സായ്മീരയുടെ പക്കലുള്ള മറ്റു ചലചിത്ര സോഫ്റ്റ്വെയറുകളും ഈ സംരംഭത്തിലൂടെ മൊബൈലുകളിലെത്തും.

മൊബൈല്‍ ഫോണ്‍ വിപണി ദൈനംദിന വളര്‍ന്ന് കൊണ്ടിരിക്കുകയും ഇന്ത്യയില്‍ അധികം വൈകാതെ 3ജി സംവിധാനം നിലവില്‍ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങളുടെ ബിസിനസ് ആശയം വിജയിക്കുമെന്ന് ബേയ് ടാക്കിടെക്ക് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. തങ്ങളുടെ നിലവിലുള്ള വ്യവസായത്തിന്‍റെ യുക്തിഭദ്രമായ വികസനം മാത്രമാണിതെന്നും കമ്പനി വിശദീകരിച്ചു.

ജൂലായ് അവസാന വാരം പുറത്തിറങ്ങുന്ന കുസേലന്‍റെ വിതരണാവകാശമുള്ള കമ്പനിയാണ് സായ്മീര.