ബാറ്റുകൊണ്ടും ബോളുകൊണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കശക്കിയെറിഞ്ഞിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ആ സീസണില്‍ തോല്‍വിയറിയാതെ മുന്നേറുകയായിരുന്ന ബാംഗ്ലൂരിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാണംകെടുത്തുകയായിരുന്നു. ഈ ഉദ്യമത്തില്‍ വലിയ പങ്ക് വഹിച്ചത് ജഡേജയാണ്.
28 പന്തില്‍ 62 റണ്‍സ് നേടിയ ജഡേജ പുറത്താകാതെ നിന്നു. വെറും 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും ജഡേജ വീഴ്ത്തി. ഇതൊന്നും കൂടാതെ കിടിലനൊരു റണ്‍ഔട്ടും! ജഡേജയുടെ ഓള്‍റൗണ്ടര്‍ മികവാണ് തങ്ങളെ പരാജയപ്പെടുത്തിയതെന്ന് മത്സരശേഷം ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി പറഞ്ഞിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 191 റണ്‍സാണ് നേടിയത്. ഈ സീസണില്‍ കൂടുതല്‍ വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പിനു ഉടമയായ ഹര്‍ഷല്‍ പട്ടേലാണ് ബാംഗ്ലൂരിനായി അവസാന ഓവര്‍ എറിയാനെത്തിയത്. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ശേഷമാണ് ഹര്‍ഷല്‍ പട്ടേല്‍ നാലാമത്തെ ഓവര്‍ എറിയാനെത്തിയത്. എന്നാല്‍, ജഡേജയുടെ ബാറ്റ് ഹര്‍ഷനിലെ കണക്കിനു പ്രഹരിച്ചു. അഞ്ച് സിക്‌സും ഒരു ഫോറും ഒരു ഡബിളും ഹര്‍ഷല്‍ പട്ടേലെറിഞ്ഞ ഒരു നോബോളും സഹിതം ആ ഓവറില്‍ മാത്രം 37 റണ്‍സ് !
അവസാന ഓവറിലെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ചെന്നൈ നായകന്‍ എം.എസ്.ധോണിയും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ജഡേജ. അവസാന ഓവറില്‍ തകര്‍ത്ത് ബാറ്റ് ചെയ്യാന്‍ തന്നെയാണ് താന്‍ ലക്ഷ്യമിട്ടതെന്ന് ജഡേജ പറഞ്ഞു. അതിനൊപ്പം നായകന്‍ എം.എസ്.ധോണിയുടെ ഉപദേശവും തന്നെ സഹായിച്ചതായി ജഡേജ വ്യക്തമാക്കി.
'അവസാന ഓവറില്‍ കൂറ്റന്‍ അടികള്‍ക്ക് ശ്രമിക്കാന്‍ തന്നെയായിരുന്നു തീരുമാനം. ഓഫ് സ്റ്റംപിനു പുറത്താണ് ഹര്‍ഷല്‍ പട്ടേല്‍ എറിയുന്നതെന്നും അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മഹി ഭായ് (ധോണി) എനിക്ക് ഉപദേശം നല്‍കി. അദ്ദേഹത്തിന്റെ ഉപദേശം എന്നെ സഹായിച്ചു. ഓഫ് സ്റ്റംപിന് പുറത്തേക്ക് പന്ത് വരുന്നത് പ്രതീക്ഷിച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചു,' ജഡേജ പറഞ്ഞു.