കോലി സന്തോഷിക്കേണ്ട, ആ റെക്കോര്‍ഡ് മറികടക്കാന്‍ ഒരാളുണ്ട്

വെള്ളി, 23 ഏപ്രില്‍ 2021 (12:03 IST)
വ്യാഴാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി സ്വന്തമാക്കിയത് മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് ആണ്. ഐപിഎല്ലില്‍ 6,000 റണ്‍സ് മറികടക്കുന്ന ആദ്യ താരമാണ് കോലി. രാജസ്ഥാനെതിരായ മത്സരത്തിനു മുന്‍പ് ഐപിഎല്‍ റണ്‍വേട്ടയില്‍ ആറായിരം ക്ലബില്‍ ഇടംപിടിക്കാന്‍ വെറും 51 റണ്‍സ് അകലെയായിരുന്നു കോലി. 
 
196 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 6,021 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് ഇപ്പോള്‍ ഉള്ളത്. എന്നാല്‍, ഐപിഎല്ലില്‍ ഏറ്റവും വേഗം ആറായിരം റണ്‍സ് ക്ലബില്‍ ഇടംപിടിച്ച താരമെന്ന കോലിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരബാദ് നായകനും ഓസ്‌ട്രേലിയന്‍ താരവുമായ ഡേവിഡ് വാര്‍ണറാണ് അത്. നിലവില്‍ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് വാര്‍ണര്‍. 146 മത്സരങ്ങളില്‍ നിന്ന് 5,384 റണ്‍സാണ് വാര്‍ണര്‍ നേടിയിരിക്കുന്നത്. 
 
വാര്‍ണറിന് ആറായിരം ക്ലബില്‍ ഇടംപിടിക്കാന്‍ ഇനി വേണ്ടത് വെറും 616 റണ്‍സ് മാത്രമാണ്. കോലിയേക്കാള്‍ 50 കളി കുറവാണ് വാര്‍ണര്‍ ഇതുവരെ കളിച്ചിരിക്കുന്നത്. അതായത് അടുത്ത 50 കളികള്‍ക്കുള്ളില്‍ 616 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ കോലിയുടെ റെക്കോര്‍ഡ് വാര്‍ണര്‍ക്ക് സ്വന്തമാക്കാം. 
 
അതേസമയം, ഐപിഎല്‍ റണ്‍വേട്ടയില്‍ 197 മത്സരങ്ങളില്‍ നിന്ന് 5,448 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നയാണ് രണ്ടാം സ്ഥാനത്ത്. റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള ശിഖര്‍ ധവാന്‍ 180 കളികളില്‍ നിന്ന് 5,427 റണ്‍സ് നേടിയിട്ടുണ്ട്. അടുത്ത 15 കളികളില്‍ നിന്ന് 573 റണ്‍സ് നേടിയാല്‍ കോലിയേക്കാള്‍ വേഗത്തില്‍ 6,000 റണ്‍സ് ക്ലബില്‍ ഇടംപിടിക്കുന്ന താരമാകാന്‍ ധവാന് സാധിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍