പഞ്ചാബിന്റെ ഐതിഹാസിക വിജയം ഒപ്പം റെക്കോർഡും, താരമായി കെഎൽ രാഹുൽ

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (12:31 IST)
ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ്- പഞ്ചാബ് മത്സരം ഒരു പക്ഷേ ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഐ‌തിഹാസികമായ പോരാട്ടമായിരുന്നു. നിശ്ചിത ഓവറുകളും കടന്ന് സൂപ്പർ ഓവറിലും ടൈ ആയതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് പ്രവേശിച്ചിരുന്നു. അതിലും വിജയിച്ചുകൊണ്ടാണ് പഞ്ചാബ് ഇത്തവണ വിജയം നേടിയത്. എന്നാൽ അതിനൊപ്പം തന്നെ ഐപിഎൽ ചരിത്രത്തിലെതന്നെ ഒരു അസുലഭ നേട്ടം സ്വന്തമാക്കാനും പഞ്ചാബ് നായകനായ കെഎൽ രാഹുലിനായി.
 
ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ 500 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് രാഹുൽ സ്വന്തമാക്കിയത്. ഈ സീസണിൽ 9 ഇന്നിങ്സുകളിൽ നിന്നായി 525 റൺസാണ് രാഹുൽ അടിച്ചുകൂട്ടിയത്. 2019ല്‍ 593 റണ്‍സും 2018ല്‍ 659 റണ്‍സുമാണ് രാഹുല്‍ നേടിയത്. പതിമൂന്നാം സീസണിലെ ഓറഞ്ച് ക്യാപ് ഇപ്പോഴും രാഹുലിന്റെ തലയിലാണ്. പഞ്ചാബിലെ തന്നെ സഹതാരം മായങ്ക് അഗർവാളാണ് ഈ സീസണിലെ റൺ വേട്ടക്കാരിൽ രണ്ടാമതുള്ളത്.
 
ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ 51 പന്തിൽ 77 റൺസാണ് കെഎൽ രാഹുൽ അടിച്ചെടുത്തത്.നേരത്തെ ഇരു ടീമും 20 ഓവറില്‍ 176 റണ്‍സെടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. എന്നാൽ സൂപ്പർ ഓവറും സമനിലയിലായതോടെ മത്സരത്തിൽ വീണ്ടും സൂപ്പർ ഓവർ അനുവദിച്ചു. ഇതില്‍ 12 റണ്‍സ് വിജയലക്ഷ്യം ഗെയ്‌ലും മായങ്കും ചേര്‍ന്ന് രണ്ട് പന്ത് ബാക്കിനില്‍ക്കേ അടിച്ചെടുക്കുകയും ചെയ്‌തു. കെഎൽ രാഹുലായിരുന്നു മത്സരത്തിലെ താരം.

അനുബന്ധ വാര്‍ത്തകള്‍

Next Article