T20 World Cup 2024 Indian Squad: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വിക്കറ്റ് കീപ്പര്‍മാരായി പരിഗണിക്കുന്നത് നാല് പേരെ. ഇവരില്‍ നിന്ന് രണ്ട് പേരായിരിക്കും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കുക. കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കുന്നത്. ഐപിഎല്ലില്‍ തുടര്‍ന്നുള്ള മത്സരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
പരിചയ സമ്പത്ത് കൂടി കണക്കിലെടുത്ത് കെ.എല്‍.രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കും. ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 165 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. 137.50 ആണ് സ്‌ട്രൈക്ക് റേറ്റ്. ഇന്ത്യക്ക് പുറത്ത് മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളതും രാഹുലിന് ഗുണം ചെയ്യും.
റിഷഭ് പന്തിനെയും പ്രധാന വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പരുക്കില്‍ നിന്ന് മുക്തനായി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പന്ത് ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ആറ് കളികളില്‍ നിന്ന് 157.72 സ്‌ട്രൈക്ക് റേറ്റില്‍ 194 റണ്‍സ് പന്ത് നേടിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. ഇടംകയ്യന്‍ ബാറ്ററാണെന്നതാണ് പന്തിന് ലഭിക്കുന്ന മേല്‍ക്കൈ.
മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുന്നതിനാല്‍ ലോകകപ്പ് സ്‌ക്വാഡിലേക്കും പരിഗണിക്കും. മൂന്ന് അര്‍ധ സെഞ്ചുറികള്‍ അടക്കം 246 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. സ്‌ട്രൈക്ക് റേറ്റ് 157.69 ആണ്. പുറത്താകാതെ നേടിയ 82 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
അഞ്ച് കളികളില്‍ നിന്ന് 182.95 സ്‌ട്രൈക്ക് റേറ്റില്‍ 161 റണ്‍സ് നേടിയ ഇഷാന്‍ കിഷനും ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാന്‍ മുന്നിലുണ്ട്. പന്തിനെ പോലെ ഇടംകയ്യന്‍ ബാറ്ററാണ് ഇഷാന്‍ കിഷനും. എന്നാല്‍ ഇന്ത്യക്ക് പുറത്ത് ശരാശരി പ്രകടനങ്ങള്‍ മാത്രമാണ് ഇഷാന്റെ പേരിലുള്ളത്.