35 വയസ്സിലും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റേണ്ട ഗതികേട്, ഡഗൗട്ടിൽ നിരാശനായിരിക്കുന്ന കോലിയുടെ മുഖം ഹൃദയം തകർക്കുന്നു

അഭിറാം മനോഹർ

വെള്ളി, 12 ഏപ്രില്‍ 2024 (20:25 IST)
ഐപിഎല്‍ തുടങ്ങി 17 വര്‍ഷമാകുമ്പോഴും ഇന്ത്യയുടെ സൂപ്പര്‍ താരമായ വിരാട് കോലി ഒരു ചാമ്പ്യന്‍ ടീമിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ വലിയ നിരാശയാണ് ആരാധകര്‍ക്കുള്ളത്. മറ്റ് ടീമുകളുടെ ആരാധകരാണെങ്കില്‍ പോലും കോലി ഐപിഎല്‍ കിരീടം ഉയര്‍ത്തുന്നത് കാണാന്‍ വലിയ വിഭാഗം ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ചങ്കരന്‍ തെങ്ങുമേല്‍ തന്നെ എന്ന അവസ്ഥയാണ് ഓരോ സീസണ്‍ പിന്നിടുമ്പോഴും ആര്‍സിബിക്കുള്ളത്. ബാറ്റിംഗ് മാത്രമറിയുന്ന റണ്‍സ് ആവോളം വിട്ടുനല്‍കുന്ന ടീമാണ് എല്ലാകാലവും ആര്‍സിബി. ഇത്തവണ പക്ഷേ ഈ റണ്‍സ് പോലും കോലി ഒറ്റയ്ക്ക് അടിച്ചെടുക്കേണ്ട ഗതികേടിലാണ്.
 
സീസണിലെ ആദ്യ 6 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 5 പരാജയങ്ങളുമായി പോയന്റ് പട്ടികയില്‍ ഒന്‍പതാമതാണ് ആര്‍സിബി. ഇത്രയും മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ചുറിയടക്കം 319 റണ്‍സ് കോലി ഇതിനകം അടിച്ചെടുത്തു കഴിഞ്ഞു. ടീം ഇതുവരെ നേടിയതില്‍ 38 ശതമാനം വന്നത് കോലിയുടെ ബാറ്റില്‍ നിന്നാണെന്ന കണക്ക് മാത്രം മതി ആര്‍സിബിയില്‍ കോലി അനുഭവിക്കുന്ന സമ്മര്‍ദ്ദം എത്രമാത്രമെന്ന് അറിയാന്‍. ഇമ്പാക്ട് പ്ലെയറടക്കം എതിര്‍ ടീമിലെ 12 പേരോട് കോലി ഒറ്റയ്ക്ക് മത്സരിക്കുന്നതിനാല്‍ തന്നെ അധികം മത്സരങ്ങളിലും ആര്‍സിബി പരാജയപ്പെട്ടവരുടെ ഭാഗത്ത് തന്നെയാകുന്നു. മത്സരത്തിന്റെ അവസാനം നിരാശനായി ഇരിക്കുന്ന കോലിയുടെ മുഖം ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ഹൃദയം തകര്‍ക്കുന്നു എന്നത് സത്യമാണ്.
 
കാര്യം ഇങ്ങനെയെല്ലാമാണെങ്കിലും കടുത്ത ആര്‍സിബി ആരാധകര്‍ക്കൊഴികെ മറ്റാര്‍ക്കും തന്നെ ആര്‍സിബി ടീമില്‍ പ്രതീക്ഷയില്ല. കോലിയെ ഐപിഎല്‍ കിരീടത്തോടെ കാണണമെങ്കില്‍ കോലി ടീം വിടേണ്ടിവരുമെന്ന് തന്നെയാണ് ആരാധകര്‍ക്ക് പറയാനുള്ളത്. എല്ലാ സീസണിലും ദുരന്തം ബൗളിംഗ് നിരയെ തിരെഞ്ഞുപിടിക്കുന്നത് നിര്‍ത്താതെ ആര്‍സിബി വിജയിക്കില്ലെന്ന് ഏതൊരു സാധാരണക്കാരനും അറിയുന്നതാണ്.എന്നിട്ടും ആര്‍സിബി വിജയിച്ചുകാണാന്‍ ഒരു ക്രിക്കറ്റ് പ്രേമി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കോലിയുടെ നിരാശനായ മുഖം നല്‍കുന്ന വേദനകൊണ്ട് മാത്രമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍