ഐപിഎല്ലിൽ തുടർ തോൽവികളിൽ വലയുന്ന മുംബൈ ഇന്ത്യൻസിന് ആശ്വാസവാർത്ത. ടി20 ക്രിക്കറ്റിൽ നിലവിലെ ബാറ്റർമാരിൽ ഏറ്റവും മികച്ച സൂര്യകുമാർ യാദവ് കായികക്ഷമത തെളിയിച്ചതായാണ് ലഭിക്കുന്ന വിവരം. ഇതോടെ സൂര്യ ഉടനെ തന്നെ മുംബൈ ടീമിനൊപ്പം ചേരുമെന്ന് ഉറപ്പായി. ഞായറാഴ്ച വാംഖഡെയിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിലാകും താരം തിരിച്ചെത്തുകയെന്നാണ് ലഭിക്കുന്ന വിവരം.
പരിക്ക് മൂലം കഴിഞ്ഞ മൂന്ന് മാസത്തിലേറെയാണ് ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന സൂര്യയെ ഇന്നാണ് ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി റിലീസ് ചെയ്തത്. ടി20 ലോകകപ്പ് അടുത്ത സാഹചര്യത്തിൽ ബിസിസിഐയുടെയും ഡോക്ടർമാരുടെയും സൂക്ഷ്മമായ നിരീക്ഷണത്തിന് കീഴിലായിരുന്നു സൂര്യ. നിലവിൽ സൂര്യ ഫിറ്റാണെന്നും മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്നതിൽ പ്രശ്നങ്ങളില്ലെന്നും എൻസിഎ അറിയിച്ചു. സൂര്യ മുംബൈയിലേക്ക് മടങ്ങുമ്പോൾ പൂർണ്ണമായും ഫിറ്റാകണമെന്നും കൂടുതൽ മത്സരങ്ങൾ കളിക്കാനാകണമെന്നും ഞങ്ങൾ അഗ്രഹിച്ചു. ഐപിഎല്ലിന് മുൻപ് നടത്തിയ ടെസ്റ്റിൽ സൂര്യ 100 ശതമാനം ഫിറ്റായിരുന്നില്ല. അതിനാൽ തന്നെ ബാറ്റ് ചെയ്യുമ്പോൾ സൂര്യയ്ക്ക് എന്തെങ്കിലും വേദനയുണ്ടോ എന്ന് നിരീക്ഷിക്കണമായിരുന്നു. ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 പരമ്പരയ്ക്കിടെയാണ് സൂര്യയുടെ കണങ്കാലിന് പരിക്കേറ്റത്. തുടർന്ന് ഏഴാഴ്ചക്കാലം താരം പുറത്തായിരുന്നു. തുടർന്ന് മറ്റൊരു പരിക്ക് വന്നതിനെ തുടർന്ന് ഹെർണിയ ഓപ്പറേഷന് വിധേയനാകുകയും ചെയ്തു. ഐപിഎല്ലിൽ സൂര്യ മടങ്ങിയെത്തുന്നതോടെ നിലവിൽ പോയൻ്റ് ടേബിളിൽ കീഴെയുള്ള മുംബൈയ്ക്ക് അത് വലിയ ആശ്വാസമാകും നൽകുക. മുംബൈയുടെ വിജയസൂര്യനാകാൻ സൂര്യയ്ക്ക് സാധിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.