ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രധാനമായും നോട്ടമിട്ടിരുന്നത് ഐപിഎല്ലില്‍ നിന്നും ലോകകപ്പ് ടീമിലേക്ക് ഒരു വിക്കറ്റ് കീപ്പര്‍ താരത്തെ കണ്ടെത്തുക എന്നതായിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന റിഷഭ് പന്തിന് തിരിച്ചുവരവിന് കൂടുതല്‍ സമയം വേണ്ടിവരും എന്നതിനാല്‍ തന്നെ സഞ്ജു സാംസണ്‍,ധ്രുവ് ജുറെല്‍,ജിതേഷ് ശര്‍മ,കെ എല്‍ രാഹുല്‍,ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കായിരുന്നു കൂടുതല്‍ സാധ്യതകള്‍ പ്രതീക്ഷിച്ചിരുന്നത്. ഇവരില്‍ സഞ്ജു സാംസണ്‍ ഐപിഎല്ലിലെ ആദ്യ മത്സരം തകര്‍ത്തടിച്ചുകൊണ്ടാണ് സീസണിന് തുടക്കമിട്ടത്. എന്നാല്‍ ആദ്യ 4 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 2 അര്‍ധസെഞ്ചുറികളുമായി ബാറ്ററെന്ന നിലയില്‍ കളം നിറയുകയാണ് റിഷഭ് പന്ത്.
ഐപിഎല്‍ സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ പുറത്താകാതെ 52 പന്തില്‍ 82 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ പിന്നീട് നടന്ന 2 മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തി. 3 മത്സരങ്ങളില്‍ നിന്നും 109 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. അതേസമയം പരിക്കില്‍ നിന്നും തിരിച്ചെത്തിയ റിഷഭ് പന്ത് ആദ്യ 2 മത്സരങ്ങളില്‍ താളം വീണ്ടെടുക്കാന്‍ കഷ്ടപ്പെട്ടെങ്കിലും നിലവില്‍ മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. 4 ഇന്നിങ്ങ്‌സില്‍ നിന്നും 2 അര്‍ധസെഞ്ചുറികളടക്കം 152 റണ്‍സാണ് പന്തിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ 106 റണ്‍സിന്റെ തോല്‍വി ഡല്‍ഹി വഴങ്ങിയെങ്കിലും 25 പന്തില്‍ 4 ഫോറും 5 സിക്‌സുമടക്കം 55 റണ്‍സുമായി പന്ത് തിളങ്ങിയിരുന്നു. ഈ പ്രകടനം ലോകകപ്പ് ടീം സെലക്ഷനില്‍ പന്തിന് വലിയ മൈലേജ് നല്‍കുമെന്നാണ് കരുതുന്നത്.
ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്ന മറ്റ് വിക്കറ്റ് കീപ്പര്‍മാരായ ധ്രുവ് ജുറെല്‍,ജിതേഷ് ശര്‍മ,കെ എല്‍ രാഹുല്‍,ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആര്‍ക്കും തന്നെ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ റിഷഭ് പന്ത് തന്നെയായിരിക്കും ഇക്കുറി സഞ്ജുവിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. പരിക്കില്‍ നിന്നും തിരിച്ചെത്തുന്ന പന്തിന് തിരികെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനാകുമോ എന്ന സംശയം നിലനില്‍ക്കുന്നുവെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയാല്‍ സഞ്ജുവിനെയും മറ്റുള്ളവരെയും പിന്തള്ളാന്‍ താരത്തിനാകും. അതേസമയം ഇനിയുള്ള മത്സരങ്ങളില്‍ മികച്ച സ്‌കോര്‍ നേടാനായാല്‍ ലോകകപ്പ് ടീമിലെ സ്ഥാനത്തിന് അവകാശമുന്നയിക്കാന്‍ സഞ്ജുവിനാകും.