കോലിയുടെ പേര് പോലും പറയാതെ ഗില്ലിന് അഭിനന്ദനവുമായി ഗാംഗുലി, വിമർശനവുമായി സോഷ്യൽ മീഡിയ

Webdunia
തിങ്കള്‍, 22 മെയ് 2023 (14:27 IST)
ഐപിഎല്‍ ലീഗ് റൗണ്ടിലെ അവസാന ദിനത്തില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. മത്സരത്തില്‍ ആര്‍സിബിക്കായി വിരാട് കോലി ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറി നേടിയിട്ടും കോലിയുടെ പേര് പരാമര്‍ശിക്കാതെയാണ് ഗാംഗുലി ഗില്ലിന് മാത്രം അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇന്നലെ നടന്ന 2 ലീഗ് മത്സരങ്ങളിലായി 3 സെഞ്ചുറികളാണ് പിറന്നത്. മുംബൈയ്ക്ക് വേണ്ടി കാമറൂണ്‍ ഗ്രീനും ആര്‍സിബിക്ക് വേണ്ടി വിരാട് കോലിയും ഗുജറാത്തിന് വേണ്ടി ശുഭ്മാന്‍ ഗില്ലുമാണ് ഇന്നലെ സെഞ്ച്വറി സ്വന്തമാക്കിയത്.
 
മൂന്ന് പേരുടെയും സെഞ്ച്വറി പ്രകടനങ്ങളെ പ്രശംസിച്ച് കൊണ്ട് മുന്‍ താരങ്ങള്‍ രംഗത്ത് വന്നതിനിടെയാണ് ഗില്ലിനെ മാത്രം പ്രശംസിച്ച് കൊണ്ടുള്ള ഗാംഗുലിയുടെ ട്വീറ്റ്. എത്രമാത്രം പ്രതിഭകളാണ് രാജ്യത്ത് നിന്നുണ്ടാകുന്നത്. ഗംഭീരമായിരിക്കുന്നു ഗില്‍. ഇന്നിങ്ങ്‌സിലെ 2 പകുതികളിലായി 2 തകര്‍പ്പന്‍ ബാറ്റിംഗ് വിസ്‌ഫോടനങ്ങള്‍. എന്തൊരു നിലവാരമാണ് ഈ ഐപിഎല്ലിന് എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. കോലിയുടെ ഇന്നിങ്ങ്‌സിനെ പരോക്ഷമായി പരാമര്‍ശിച്ചെങ്കിലും ഒരിടത്ത് പോലും കോലിയുടെ പേര് പറയാതിരിക്കാന്‍ ഗാംഗുലി ശ്രദ്ധിച്ചതായി ആരാധകര്‍ പറയുന്നു. ഗാംഗുലിക്ക് കോലിയോട് അസൂയയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article