ആ നോ ബോളിന് പ്ലേ ഓഫിന്റെ വില: അഞ്ചാം സ്ഥാനത്തില്‍ മനം നൊന്ത് രാജസ്ഥാന്‍

തിങ്കള്‍, 22 മെയ് 2023 (13:11 IST)
ഐപിഎല്ലിലെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ പ്ലേ ഓഫ് യോഗ്യത നേടാനാകാതെ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമെന്ന വിശേഷണത്തോടെ ഇറങ്ങിയ രാജസ്ഥാന്‍ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും വിജയിക്കാവുന്ന പല മത്സരങ്ങളും കൈവിട്ടത് അവരുടെ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കുകയായിരുന്നു. ആര്‍സിബി ആറാം സ്ഥാനത്തേക്ക് വീണപ്പോള്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.
 
ഒരേയൊരു വിജയം കൂടി കൈമുതലായി ഉണ്ടായിരുന്നെങ്കില്‍ രാജസ്ഥാന് അനായാസമായി പ്ലേ ഓഫിലെത്താമായിരുന്നു. സീസണിലെ പല മത്സരങ്ങളും അവസാന നിമിഷം കൈവിട്ട രാജസ്ഥാന് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത് ഹൈദരാബാദിനെതിരെ നേരിട്ട തോല്‍വിയാകും. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ സന്ദീപ് ശര്‍മയുടെ പന്തില്‍ ഒരു റണ്‍സ് മാത്രമാണ് ഹൈദരാബാദ് താരം അബ്ദുള്‍ സമദിന് നേടാനായത്. ഇതോടെ വിജയത്തോടെ മടങ്ങാന്‍ നിന്ന രാജസ്ഥാന് നെറുകും തലയ്ക്ക് കിട്ടിയ അടിയായിരുന്നു അമ്പയറുടെ നോബോള്‍ സിഗ്‌നല്‍. അവസാന പന്ത് വീണ്ടുമെറിയേണ്ടി വന്നതോടെ സമദ് സിക്‌സര്‍ നേടുകയും രാജസ്ഥാന്‍ പരാജയപ്പെടുകയുമായിരുന്നു. ആ മത്സരം വിജയിക്കാനായിരുന്നെകില്‍ നെറ്റ് റണ്‍റേറ്റില്‍ മുംബൈയ്ക്ക് മുകളിലുള്ള രാജസ്ഥാന് അനായാസമായി തന്നെ പ്ലേ ഓഫിലെത്താമായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍